സംസ്ഥാന നിയമസഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കുന്നതിനുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ അഞ്ചംഗ ഡിഎംകെ പ്രതിനിധികള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ബാലു, ലോക്‌സഭാ എംപി എ രാജ, രാജ്യസഭാ എംപിമാരായ എന്‍ ആര്‍ ഇളങ്കോ, പി വില്‍സണ്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഡിഎംകെ സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നത്.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മൂര്‍ച്ഛിക്കുന്നതിനിടെ ചൊവ്വാഴ്ച ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ‘ഗോ ബാക്ക് രവി’ എന്ന ഹാഷ്ടാഗോടു കൂടി ട്വിറ്ററിലും പ്രതിഷേധമറിയിച്ചു.
അതേസമയം പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ ‘തമിഴക ഗവര്‍ണര്‍’ എന്ന് സ്വയം വിശേഷിപ്പിച്ച് ഗവര്‍ണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നല്‍കി. തമിഴ്‌നാടിന്റെ പേര് ‘തമിഴകം’ എന്നാക്കി മാറ്റണം എന്ന ഗവര്‍ണറുടെ അഭിപ്രായം നേരത്തെ വിവാദമായിരുന്നു.