Mon. Dec 23rd, 2024

2022-ല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു വര്‍ഷത്തിനുള്ളില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ അംബാസിഡര്‍മാരാണെന്നും ഇന്ത്യയിലെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മന്ത്രി പ്രവാസികളോട് അഭ്യര്‍ഥിച്ചു.

ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പുറമെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യയെ സര്‍ക്കാര്‍ അവതരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തെ ചെറുതും വലുതുമായ വ്യവസായികളുമായി പങ്കാളികളാകണമെന്നും അതുവഴി പ്രവാസികളുടെ സംരംഭകത്വ കഴിവുകള്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ പ്രയോജനപ്പെടുത്താനാകുമെന്നും സീതാരാമന്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തിയവര്‍ വീണ്ടും വിദേശത്തേക്ക് പോകില്ലെന്ന് ജനങ്ങള്‍ കരുതി, എന്നാല്‍ അവര്‍ തിരിച്ചുപോയി എന്ന് മാത്രമല്ല, കൂടുതല്‍ ജോലികള്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ നാട്ടിലേയ്ക്ക് പണം അയച്ചു തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ്, തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ആധിപത്യം ചൂണ്ടിക്കാട്ടി, രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.