Mon. Dec 23rd, 2024
Joshimath crisis

മനുഷ്യന്‍ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നതിന്‍റെ ഗൗരവമാര്‍ന്ന ഓർമ്മപ്പെടുത്തലാണ് ജോഷിമഠെന്ന് പരിസ്ഥിതി പ്രവർത്തകരും ഭൗമശാസ്ത്രജ്ഞരും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുളള പര്‍വത മേഖലയാണ് ഹിമാലയന്‍ പ്രദേശം. ഹിമാലയൻ മേഖലയിടക്കം പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നാം എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് കൃത്യമായ മുന്നൊരുക്കങ്ങളും വിശദമായ ആലോചനകളും നടത്തണം. അല്ലെങ്കില്‍ ഭാവിയില്‍ തടുക്കാന്‍ സാധിക്കാത്ത വന്‍ വിപത്തുകളെയാണ് നേരിടേണ്ടി വരിക എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കെട്ടിടങ്ങളിലും കൃഷി സ്ഥലങ്ങളിലും വിളളലുകളില്‍ രൂപപ്പെടുന്നതിനെ തുടര്‍ന്ന് 4,000 പേരെയാണ് ഇപ്പോള്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജി ഈ മാസം 16ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ജോഷിമഠിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ത് എന്നതാണ് ചർച്ച ചെയ്യേണ്ട വിഷയം.

Joshimath crisis
ജോഷിമഠ് ഭൂമിയിലെ വിളളല്‍

അനിയന്ത്രിതമായ കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ ഭൂമിയില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് വിദഗ്ധർ. അതുകൊണ്ടുതന്നെ മനുഷ്യനിര്‍മിത ദുരന്തമാണ് മേഖലയില്‍ സംഭവിച്ചത് എന്നും പറയേണ്ടിവരും. ജോഷിമഠ് ഇപ്പോൾ നേരിടുന്നത് കനത്ത പ്രതിസന്ധിയാണ്. വ്യാപകമായി ഭൂമി ഇടിഞ്ഞുതാഴുന്നു, കെട്ടിടങ്ങൾക്കും റോഡുകൾക്കും വിള്ളലുകൾ വീഴുന്നു, ഭൂമിക്കടിയിൽ നിന്ന് വെള്ളം മുകളിലെത്തി പരക്കുന്നു, അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന വിള്ളലുകൾ പലകെട്ടിടങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാക്കി. വർഷങ്ങളായി കഴിയുന്ന വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവരുന്ന പ്രദേശവാസികളില്‍ കടുത്ത ആശങ്കയിലുമാണ്. സമുദ്രനിരപ്പിൽ നിന്ന് 6100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം സ്ഥിരം ഭൂകമ്പസാദ്ധ്യതാ പട്ടികയിലുള്ളതാണ്. മുമ്പ് ഒട്ടേറെ തവണ ഭൂചലനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ജോഷിമഠത്തിലെ നിവാസികളെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ വിള്ളലുകൾ ഒരു പുതുമയല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവർ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി ഇത് വലിയ തോതില്‍ വർദ്ധിച്ചിരിക്കുകയാണ്. വീടുകളിലും വയലുകളിലും റോഡുകളിലും വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നഗരത്തിന് താഴെയുള്ള ഒരു ജലസംഭരണി തകർന്ന ശേഷമാണ് സ്ഥിതി കൂടുതൽ വഷളായത്. വി​ദ​ഗ്ധ​ർ ഒട്ടേറെ ത​വ​ണ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ സ​ർ​ക്കാ​രുകള്‍ അവഗണിച്ചത് ജോ​ഷി​മ​ഠി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി ത​ക​ർ​ച്ച​മൂ​ല​മു​ണ്ടായ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ര്‍ പറയുന്നു.

Joshimath: The trauma of living in India's sinking Himalayan town
ഹിമാലയൻ ഭൂകമ്പങ്ങളെ തുടര്‍ന്ന് രൂപപ്പെട്ട പ്രദേശമായതുകൊണ്ട് തന്നെ ഭൂമിക്ക് പൊതുവെ ഉറപ്പ് കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വനനശീകരണവും പരിസ്ഥിതിയെ ദുര്‍ബലമാക്കുന്ന രീതിയിലുളള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ജോഷിമഠിനെ ഇപ്പോഴത്തെ ദുരന്ത സമാനമായ സാഹചര്യത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൻകിട ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നടത്തിയ തുരങ്കനിർമ്മാണം വലിയ തോതില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തി. അതീവ പരിസ്ഥിതിലോല പ്രദേശമായ ജോഷിമഠിൽ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഒരു പ്രവർത്തനങ്ങളും അനുവദിച്ചുകൂടാത്തതാണ്.

ജോഷിമഠ് അസ്ഥിര പ്രദേശമാണെന്ന് 46 വര്‍ഷം മുമ്പ് കമ്മിഷണര്‍ ഗാര്‍വല്‍ മണ്ഡലിന്റെ നേതൃത്വത്തിലുളള കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. 1976 മെയ് ഏഴിന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ചെരിവുകളില്‍ കൃഷി, മരം മുറിക്കില്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ, പരിഗണിക്കപ്പെട്ടില്ല. ഉത്തരാഖണ്ഡില്‍ ഇത്തരം ഭൗമപ്രതിഭാസം ആദ്യമല്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ നാല് ഗ്രാമങ്ങള്‍ നാമാവശേഷമായിട്ടുണ്ട്. ധാര്‍ചുല ജില്ലയിലെ ഗര്‍ബ്യാങ്, ഉത്തരകാശിയിലെ ബാഗി, തല്ലധുമാര്‍, ഉംലിഭണ്ഡാരിഗാവ് എന്നീ ഗ്രാമങ്ങള്‍ മുന്‍പ് ഇങ്ങനെ നശിച്ച് പോയതാണ്.

ജോഷിമഠിലെ നിലവിലെ പ്രശ്നങ്ങൾക്ക് പൂർണ ഉത്തരവാദിത്തം എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കാണെന്ന് പ്രാദേശിക പരിസ്ഥിതി പ്രവർത്തകര്‍ ആരോപിക്കുന്നു, കൂടാതെ തുരങ്കങ്ങളിലെ തുടർച്ചയായ സ്ഫോടനം നഗരത്തിന്‍റെ അടിത്തറ ഇളക്കി.

ഒരിക്കലും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കാത്ത തരത്തില്‍ നാം പരിസ്ഥിതിയുമായി കലഹിക്കുകയാണെന്നുള്ള വളരെ ഗൗരവമായ ഓർമ്മപ്പെടുത്തലാണ് ജോഷിമഠ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ജോഷിമഠ് പ്രശ്‌നത്തിന് രണ്ട് വശങ്ങളുണ്ട്, ഒന്നാമതായി, ഹിമാലയം പോലുള്ള വളരെ ദുർബലമായ ആവാസവ്യവസ്ഥയിൽ നടക്കുന്ന വ്യാപകമായ അടിസ്ഥാന സൗകര്യ വികസനമാണ്, ഇത് നമുക്ക് സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒരു ആസൂത്രണ പ്രക്രിയയില്ലാതെയാണ് സംഭവിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനും അതേ സമയം ആ പ്രദേശങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരാനും കഴിയാത്ത വിധത്തിലാണ് വികസനം നടക്കുന്നത് എന്നതും പോരായ്മയാണ്. രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് ഗുണനവേഗത്തിലാണ്.

ഇന്ത്യയിലെ മലയോര പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുന്ന രീതി ഭയപ്പെടുത്തുന്നതാണ്. 2021 ഉം 2022 ഉം ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം ദുരന്തത്തിന്‍റെ വർഷങ്ങളായിരുന്നു. മേഘവിസ്ഫോടനം അടക്കം ഒട്ടേറെ കാലാവസ്ഥാ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിച്ചുകഴിഞ്ഞാൽ അവ മറ്റുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയാകി​ല്ലെന്ന് ഉറപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്. ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിനെ അടിസ്ഥാനമാക്കി മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്, അപകട മേഖല, ബഫർ സോൺ, പൂർണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. 678 കെട്ടിടങ്ങളിലാണ് വിളളലുകളും പൊട്ടലുകളും രൂപപ്പെട്ടിരിക്കുന്നത്, 4000 ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു.

പ്രദേശത്തെ വിളളലുകള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ജനുവരി 16നാണ് പരിഗണിക്കുക, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും പുനരുദ്ധാരണ പ്രക്രിയകളില്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുളളത്. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻ‌ടി‌പി‌സി പ്രോജക്റ്റ് ഉടനടി നിർത്തി വയ്ക്കുക, ചാർ‌ധാം ഓൾ-വെതർ റോഡ് (ഹാലെംഗ്-മാർ‌വാരി ബൈപാസ്) നിർമ്മാണം നിർത്തി വയ്ക്കുക, വീടുകൾ‌ ഇൻഷുറൻസ് ചെയ്യുന്ന എൻ‌ടി‌പി‌സിയുടെ കരാർ നടപ്പിലാക്കുക, ജോഷിമഠിന്റെ പുനരധിവാസത്തിനായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയവ ആവശ്യങ്ങളാണ് പ്രദേശവാസികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

എന്നാല്‍, ഇത്തരം പ്രദേശങ്ങൾ വളരെ ദുർബലമാണെന്നും ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോ അസ്വസ്ഥതകളോ ഗുരുതരമായ ദുരന്തങ്ങളിലേക്കാണ് നയിക്കുകയെന്നും നമ്മൾ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്, അതാണ് ജോഷിമഠിൽ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് വലിയ തോതില്‍ മനുഷ്യന്‍റെ ഇടപെടലുകളാണ് കാരണമാകുന്നത് എന്ന് പറയുമ്പോള്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളും പരിഹാര മാർഗ്ഗങ്ങളും ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

By Sutheesh Hariharan

വോക്ക് മലയാളത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്. മാസ് കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. വണ്‍ഇന്ത്യ, ഡെയ്‌ലിഹണ്ട്, ജീവന്‍ ടിവി, സിറാജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.