Mon. Dec 23rd, 2024

സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി പി ജോയി ഉച്ചയ്ക്ക് രണ്ടു മണിക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. 

ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. 

ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.