വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിൽ ഡിസംബർ 23ന് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
തങ്ങളുടെ അറസ്റ്റ് അന്യായമാണെന്നാണ് കൊച്ചാർ ദമ്പതികളുടെ വാദം, അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സെക്ഷൻ 17 A അനുമതി ലഭിക്കേണ്ടതുണ്ട്, എന്നാൽ ഒരു അനുമതിയുമില്ലാതെയാണ് ഏജൻസികൾ അന്വേഷണം നടത്തിയത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, അറസ്റ്റ് ആവശ്യമല്ലെന്നുമുളള വാദം കോടതി അംഗീകരിച്ചു.
വിഡിയോകോൺ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചത് ചന്ദ കൊച്ചാർ ഐസിഐസിഐ മേധാവിയായിരിക്കെയാണ്, ബാങ്ക് വായ്പ നിയമങ്ങളും റിസർവ് ബാങ്ക് ചട്ടങ്ങളും ലംഘിച്ചാണ് ഇത്. തുടര്‍ന്ന്, വിഡിയോകോൺ ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ ഉപഹാരമായി നല്‍കിയെന്നാണ് സിബിഐ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.