Fri. Nov 22nd, 2024

വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്.

മയക്കുവെടിവച്ച് പിടികൂടുന്ന കാട്ടാനായെ മുത്തങ്ങ ആനപന്തിയിലെ കൂട്ടില്‍ അടച്ച് മെരുക്കും. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തിരുമാനിച്ചത്. അതേസമയം, ബത്തേരിയില്‍ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍.

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ ഇന്നലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വനം വകുപ്പ് ഓഫീസ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ് സര്‍ക്കാര്‍ നല്‍കിയത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാട്ടാനയെ മയക്കുവവെടിവച്ച് പിടികൂടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രി ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗൗരവത്തോടെ കണ്ടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.