Sat. Nov 23rd, 2024

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഇന്നോ നാളെയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അല്‍ റൊമാന്‍സിയ ഹോട്ടലില്‍ ഒരു മാസം മുന്‍പ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഒരു സ്‌ക്വാഡ് വീതം പരിശോധന നടത്തും.

അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന്‍ സിന്‍ഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്. ഇന്നലെ അല്‍ റൊമന്‍സിയ ഹോട്ടല്‍ ഉടമയേയും രണ്ട് പാചകക്കാരേയും വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യവിഷബാധയാണെന്ന സ്ഥിരീകരണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പൊലീസ് കൂടുതല്‍ നടപടികളിലേക്ക് പോവുക.

 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.