അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതിമാരുടെ 22 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് ന്യൂമോണിയ ബാധിച്ചുമരിച്ചത്. കാട്ടനക്കൂട്ടം വഴിതടഞ്ഞതിനാല്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞിന് മൂന്നുദിവസമായി പനിയുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ പനി കൂടി. പാട്ടയിടമ്പുകുടി വനത്തിനുള്ളിലാണ് ഇവരുടെ താമസം. വനത്തിനുള്ളിലെ മണ്‍പാതയിലൂടെ വേണം കുടിയിലെത്താന്‍.
കൊച്ചി-മധുര ദേശീയപാതയുടെ ഭാഗമായ വാളറയിലെത്തുമ്പോള്‍ വാഹനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുട്ടിയുടെ അച്ഛന്‍ രവി കുട്ടിയെ എടുത്തുകൊണ്ട് ഓടുകയായിരുന്നു. കുളമാങ്കുഴി ആദിവാസി കോളനിക്ക് സമീപമെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം വഴിതടഞ്ഞ് നില്‍ക്കുന്നതുകണ്ടു. രണ്ടുവശവും കൊടുംവനമായതിനാല്‍ മറ്റൊരുവഴിയിലൂടെയും ദേശീയ പാതയിലെത്താന്‍ കഴിയില്ലായിരുന്നു.
കാട്ടാനക്കൂട്ടം മാറുന്നതും കാത്ത് ഏറെനേരം രവി കാത്തുനിന്നു. മഞ്ഞേറിയപ്പോള്‍ കുഞ്ഞിന് അസുഖംകൂടിയതോടെ, വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ആനക്കൂട്ടം പോയി, ഇന്നലെ രാവിലെയാണ് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കുട്ടി മരിച്ചു. മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.