Sun. Nov 17th, 2024
കുട്ടിയുടെ ശരീരത്തില്‍ ഇന്‍ജക്ഷന്‍ ചെയ്ത അടയാളവും ബ്ലേഡ്  കൊണ്ട് വരഞ്ഞ അടയാളവും ഉണ്ട്. പൊലീസ് ഇത് രേഖപ്പെടുത്തിയിട്ടില്ല

കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസുകാരിയ്ക്ക് ലഹരി മരുന്ന് നല്‍കി കാരിയറാക്കിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ബാലാവകാശ കമ്മീഷന്‍ മുതല്‍ പൊലീസും സ്‌കൂള്‍ അധികൃതരും പിടിഎ അടക്കമുള്ളവരും കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ശ്രമുക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന സൂചനകളാണ് വോക്ക് മലയാളത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

കുട്ടികളെ ഇരകളാക്കുന്ന ലഹരിമാഫിയക്കെതിരെ കടുത്ത പോരാട്ടം നടത്തുമെന്ന് സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബറിലെ സഭ സമ്മേളന വേളയിലാണ്. ഒന്നര വര്‍ഷത്തിനിടെ ലഹരി വിമോചന കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 3933 പേരും 21 വയസ് തികയാത്തവരാണെന്നും ഇതില്‍ 40 ശതമാനം പേര്‍ 18 വയസിനു താഴെയുള്ളവരാണെന്നുമുള്ള കണക്കാണ് സഭയിലെ ചര്‍ച്ചകളില്‍ പുറത്ത് വന്നത്. ജനകീയ പങ്കാളിത്തത്തോടെ ലഹരിക്കെതിരേയുള്ള പ്രചാരണ പരിപാടികള്‍ക്കു പുറമേ നിയമനടപടികള്‍ കര്‍ശനമാക്കാനും തീരുമാനിച്ചതായി സര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിന് മുമ്പേ നവംബര്‍ 24നാണ് കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ലഹരി മാഫിയയുടെ അതിക്രുരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന സംഭവം പുറത്ത് വരുന്നത്.

                                                                                         

ഒക്ടോബര്‍ മുതല്‍ നവംബറില്‍ സംഭവം പുറത്തറിയുന്നത് വരെ കുട്ടിയ്ക്ക് ലഹരി നല്‍കിയിട്ടുണ്ട്. ആദ്യമാദ്യം ലഹരി അടങ്ങിയ ബിസ്‌ക്കറ്റ് കൊടുത്താണ് കുട്ടിയെ സംഘം വലയിലാക്കിയത്. പിന്നീട് പല തവണ വെള്ള പൊടി മൂക്കില്‍ മണപ്പിക്കാന്‍ കൊടുത്തു, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ വരഞ്ഞ് മുറിവുണ്ടാക്കി വെള്ള പൊടി വിതറി ഇന്‍ജക്ട് ചെയ്തും സ്റ്റാമ്പ് ഒട്ടിച്ചും ലഹരി ശരീരത്തില്‍ കയറ്റിയെന്നുള്ള ഗുരുതര മൊഴിയാണ് കുട്ടി നല്‍കിയിട്ടുള്ളത്. മൂന്ന് തവണ കുട്ടിയെ കാരിയറാക്കി ഉപയോഗിക്കുകയും ചെയ്തതായി മൊഴിയുണ്ട്. ഇത്രയുമൊക്കെ പുറത്തറിഞ്ഞിട്ടും സംസ്ഥാനത്തെ പൊലീസും ബാലവകാശ കമ്മീഷനും മറ്റ് സംവിധാനങ്ങളുമൊക്കെ പ്രതികളെ പിടികൂടാന്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. അതിനെക്കാള്‍ ഉപരിയായി ബാലവകാശ കമ്മീഷന്‍ എന്ന കുട്ടികളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും നില കൊള്ളുന്നു എന്ന പേരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിലനിര്‍ത്തി പോരുന്ന സംവിധാനം കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ബാലാവകാശ കമ്മീഷന്‍ കുട്ടിയെ കാണാനോ മൊഴിയെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. തെളിവില്ലാതെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പൊലീസ്. സംഭവം പുറത്തറിഞ്ഞ് 11 ദിവസം കഴിഞ്ഞ് കുട്ടിയുടെ രക്തം പരിശോധിച്ചത് എന്ത് തെളിവ് കിട്ടാനാണ്. ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഭരണകക്ഷിയും പ്രതിപക്ഷവുമായുള്ള ബന്ധമാണ് ബാലവകാശ കമ്മീഷനും പൊലീസിനും ഒക്കെ തടസ്സമെങ്കില്‍ രാഷ്ട്രീയം നോക്കാതെ, മാഫിയകളെ പിന്തുണക്കാത്ത, ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന സംവിധാനം കുറഞ്ഞത് കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും വേണ്ടെ സര്‍ക്കാരേ …എന്നാണ് ചോദിക്കാനുള്ളത്.

11 ദിവസം കഴിഞ്ഞാണ് രക്ത സാമ്പിള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതെന്ന് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ സ്ഥിരീകരിക്കുന്നുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് അറിവില്ലെന്നും ആയിഷ ഉമ്മര്‍ വോക്ക് മലയാളത്തോട് പറഞ്ഞു. 

 ആയിഷ ഉമ്മര്‍ Azhiyur Grama Panchayat Member aysha ummar
ആയിഷ ഉമ്മര്‍ (അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)

കുട്ടിയേയോ രക്ഷിതാക്കളേയോ കാണാനും സംസാരിക്കാനും ബാലവകാശ കമ്മീഷന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ അഡ്വ. മനോജ് കുമാര്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചത്. ‘സ്‌കൂളിന് അടുത്താണ് ഞങ്ങളുടെ വീട്. എന്നിട്ടും ബാലവകാശ കമ്മീഷന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വീട്ടിലേയ്ക്ക് വരികയോ മകളെ കാണുകയോ ചെയ്തിട്ടില്ല.’, കുട്ടിയുടെ ഉമ്മ വോക്ക് മലയാളത്തോട് പറഞ്ഞു. കുട്ടിയെ കാണണോ എന്ന് നിയമമുണ്ടോ എന്നാണ് ഇക്കാര്യം ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ വോക്ക് മലയാളത്തോട് തിരിച്ചു ചോദിച്ചത്. ഇതില്‍ നിന്ന് തന്നെ ബാലാവകാശ കമ്മീഷന്റെ കേസിലെ താല്‍പ്പര്യമില്ലായ്മ വ്യക്തമാകുന്നതാണ്.

K V Manoj Kumar Kerala State Commission for Protection of Child Rights
അഡ്വ. മനോജ് കുമാര്‍ (ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍)

സ്‌കൂളില്‍ വെച്ച് ബാലാവകാശ കമ്മീഷന്‍ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. അതില്‍ ഉദ്യോഗസ്ഥരും അധ്യാപകരും പിടിഎയും മാത്രമാണ് പങ്കെടുത്തത്. ഇത്തരം മീറ്റിങ്ങില്‍ കുട്ടിയുടെ ആളുകള്‍ വേണം എന്നില്ല എന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. പൊലീസിന്റെയും സ്‌കൂള്‍ അധികൃതരുടെയും വാക്ക് കേട്ട് സംഭവത്തില്‍ വൈരുധ്യം ഉണ്ട് എന്നാണ് ബാലാവകാശ കമ്മീഷന്‍ പറയുന്നത്. പ്രാഥമികമായി എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ബാലാവകാശ കമ്മീഷന്‍ തയ്യാറായിട്ടില്ല. സ്‌കൂളിന്റെയും പൊലീസിന്റെയും വാക്ക് കേട്ട് കേസില്‍ വൈരുധ്യമുണ്ടെന്നു പറയാന്‍ ഒരു കമ്മീഷന്റെ ആവശ്യമുണ്ടോ ഇവിടെ?

‘ഞങ്ങള്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശോധന നടന്നു വരികയാണ്. ആവശ്യമുള്ള പരിശോധന ഇനിയും നടത്തും. കുട്ടിയെ കാണുന്നതിനേക്കാള്‍ എനിക്ക് പ്രാധാന്യം പൊലീസും മറ്റുള്ളവരും അതിനകത്ത് എടുത്ത നടപടിയാണ്. ഈ നടപടികള്‍ പൂര്‍ണമായും ശരിയാണോ എന്ന് എനിക്ക് ബോധ്യപ്പെടണം. കുട്ടി പൊലീസ്, എക്സൈസ്, സിഡബ്ല്യുസി എന്നിവര്‍ക്ക് കൊടുത്ത മൊഴി, സ്‌കൂളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്നിവയെല്ലാം എന്റെ കയ്യിലുണ്ട്. റിപ്പോര്‍ട്ടുകള്‍ കിട്ടിയതിനു ശേഷം ആ റിപ്പോര്‍ട്ടിന്റെ കോപ്പികളും അവരുടെ വിശദീകരണങ്ങളും ആയി കുട്ടിയെ കാണും.’, ചെയര്‍പേഴ്‌സണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

സ്‌കൂള്‍ കബഡി ടീമിലെ അംഗമായിരുന്ന കുട്ടിയ്ക്ക് സ്റ്റാമിന കൂട്ടാനെന്ന പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആദ്യം ലഹരി, ബിസ്‌ക്കറ്റിന്റെ രൂപത്തില്‍ നല്‍കുന്നത്. സ്‌കൂള്‍ കൗണ്‍സിലറോടാണ് താന്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന് കുട്ടി ആദ്യം വെളിപ്പെടുത്തുന്നത്. ഇക്കാര്യം പിടിഎയെ അറിയിക്കാന്‍ രക്ഷിതാവിനോട് പറഞ്ഞ പ്രധാനാധ്യാപിക പൊലീസിലോ എക്‌സൈസിലോ അറിയിക്കാന്‍ തയ്യാറായില്ല. സംഭവം പുറത്തുപറയണ്ട നമ്മുക്ക് വീട്ടില്‍ വെച്ച് ചര്‍ച്ച ചെയ്യാം എന്നാണ് കൗണ്‍സിലര്‍, പ്രധാനാധ്യാപിക അടക്കമുള്ള സ്‌കൂള്‍ അധികൃതര്‍ രക്ഷിതാവിനോട് പറഞ്ഞത്. പിറ്റേ ദിവസം സ്‌കൂളില്‍ പിടിഎ മീറ്റിംഗ് ഉണ്ടായി. എന്നാല്‍ അതില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്ന് കുട്ടിയുടെ മാതാവ് വോക്ക് മലയാളത്തോട് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അറിയാന്‍ പ്രധാനാധ്യാപിക സജിതയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പ്രധാനാധ്യാപിക പറഞ്ഞത്.

നവംബര്‍ 24 നാണ് കുട്ടി ലഹരി ഉപയോഗിക്കുന്നത് അറിയുന്നത്. ‘നാല് കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് ബാത്ത്റൂമില്‍ കയറിയെന്നും അതില്‍ എന്റെ മകള്‍ ആകെ നനഞ്ഞിരിക്കുകയാണെന്നും മാറി ഉടുക്കാന്‍ ഡ്രസ് കൊണ്ടുവരണം എന്നും പറഞ്ഞ് സ്‌കൂളില്‍ നിന്നും പിടി അധ്യാപകനാണ് വിളിക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ ഉമ്മയാണ് സ്‌കൂളില്‍ പോയത്. കൊണ്ടുപോയ ഡ്രസ് കുട്ടി ഇടുന്നില്ലാ എന്ന് പറഞ്ഞ് എന്നോട് സ്‌കൂളിലേയ്ക്ക് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ എത്തിയപ്പോഴേക്കും ബാക്കിയുള്ള മൂന്നു കുട്ടികളുടെയും രക്ഷിതാക്കള്‍ അവിടെ എത്തിയിരുന്നു. ഞാന്‍ ചോദിച്ചിട്ട് അവള്‍ ഒന്നും പറഞ്ഞില്ല. കൗണ്‍സിലിംഗ് ടീച്ചര്‍ ചോദിച്ചപ്പോഴാണ് ഒരു ഇക്കാക്ക പൊടി തന്നിരുന്നു എന്ന കാര്യം മകള്‍ പറഞ്ഞത്.’, കുട്ടിയുടെ മാതാവ് വോക്ക് മലയാളത്തോട് പറഞ്ഞു.

സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവാതെ വന്നതോടെയാണ് കുട്ടിയുടെ വീട്ടുകാര്‍ ഡിസംബര്‍ രണ്ടിന് പൊലീസില്‍ പരാതി നല്‍കുന്നത്. ചോമ്പാല പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കുന്നത്. ലഹരിക്കെതിരെ തെളിവില്ലാതെ കേസെടുക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് പറഞ്ഞതെന്നു കുട്ടിയുടെ മാതാവ് വോക്ക് മലയാളത്തോട് പറഞ്ഞു. കയ്യില്‍ കയറി പിടിച്ചു എന്ന് കുട്ടി പറഞ്ഞത് പ്രകാരം പോക്‌സോ വകുപ്പില്‍ കേസെടുത്ത് പിറ്റേ ദിവസം തന്നെ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. അന്നു വൈകുന്നേരം തന്നെ ഇയാളെ വിട്ടയക്കുകയും ചെയ്തു. കുട്ടി പറഞ്ഞ തീയതിയില്‍ യുവാവ് കോളേജില്‍ ഹാജരായിരുന്നു എന്ന് പറഞ്ഞാണ് വിട്ടയക്കുന്നത്.

ചോമ്പാല പൊലീസ് സ്റ്റേഷൻ കോഴിക്കോട് chombala police station
ചോമ്പാല പൊലീസ് സ്റ്റേഷൻ


‘പ്രതിയെന്നു ആരോപിക്കപ്പെടുന്ന ആള്‍ ഇവര്‍ പറയുന്ന ദിവസം കോളേജില്‍ ഹാജരായിരുന്നു. കുട്ടി പറയുന്ന ദിവസം നവംബര്‍ 24 ആണ്. കുട്ടി പറയുന്നത് പ്രകാരം അറസ്റ്റു ചെയ്താല്‍ അവരുടെ വക്കീല്‍ വരും. അന്നേ ദിവസം കോളേജില്‍ ഉണ്ടായിരുന്നു എന്ന് പറയും. അപ്പൊ എന്ത് ചെയ്യും?. അവര്‍ അറ്റന്റന്‍സ് രജിസ്റ്റര്‍, സിസിടിവി തുടങ്ങിയവ ഹാജരാക്കിയാല്‍ എന്ത് അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തു എന്ന് പറയും?. തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെ കോടതിയില്‍ ഹാജരാക്കാന്‍ പറ്റൂ. എന്നാലും പൂര്‍ണമായും അയാളെ വിട്ടു കളഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു സമയത്തു അയാളിലേയ്ക്ക് എത്താന്‍ പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യും. അയാള്‍ക്കെതിരെ എല്ലാ തെളിവുകളും സംഘടിപ്പിക്കണം. അല്ലാതെ അറസ്റ്റ് ചെയ്തിട്ടു കാര്യമില്ല.’, തുടക്കത്തില്‍ കേസ് അന്വേഷിച്ച ചോമ്പാല എസ്‌ഐ മനീഷ് വോക്ക് മലയാളത്തോട് പറഞ്ഞു. നിലവില്‍ ഡിവൈഎസ്പി ഹരിപ്രസാദ് ആണ് കേസ് അന്വേഷിക്കുന്നത്.

സ്‌കൂളില്‍ (ജിഎച്ച്എസ്എസ് അഴിയൂര്‍) ഒരുപാട് കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പിടിഎയുടെ പിന്തുണയോടെ സ്‌കൂള്‍ അധികൃതര്‍ ഒന്നും പുറത്തുപറയാതെ മൂടിവെക്കുകയാണെന്നും കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചുവെന്നും അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഒക്ടോബറിലാണ് ആദ്യമായി കുട്ടിക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ലഹരി അടങ്ങിയ ബിസ്‌ക്കറ്റ് നല്‍കിയത്. പിന്നീട് ആ കുട്ടി ടിസി വാങ്ങി പോയെന്നും കുട്ടിയുടെ മാതാവ് വോക്ക് മലയാളത്തോട് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, നീരജ എന്ന് പേരുള്ള പെണ്‍കുട്ടിയെ പരിചയപ്പെടുത്തി. നീരജ ചുവന്ന മുടിയുള്ള യുവാവിനെയും പുരികം മുറിഞ്ഞ യുവാവിനെയും പരിചയപ്പെടുത്തി. അദ്നാന്‍ (കുട്ടിയോട് പറഞ്ഞിട്ടുള്ള പേര്) എന്നാണ് ലഹരി കൊടുത്ത യുവാവിന്റെ പേര്. സംഘത്തിന്റെ നിര്‍ദേശം അനുസരിച്ച് കുട്ടി തലശ്ശേരി ഡൗണ്‍ടൗണ്‍ മാള്‍, കോട്ട, കടല്‍പാലം എന്നിവിടങ്ങളിലെല്ലാം മയക്കുമരുന്നുമായി പോയിട്ടുണ്ട്.

വിശദ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുവും വാര്‍ഡ് മെമ്പറുമായ സലിം അഴിയൂര്‍ ആരോപിക്കുന്നു. ‘വലിയ ആളുകളാണ് അപ്പുറത്തുള്ളത്. പരാതിയുമായി മുമ്പോട്ട് പോയാല്‍ ഭാവി പ്രശ്നത്തിലാവും എന്ന് പറഞ്ഞു പാര്‍ട്ടിയിലെ രണ്ട് പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടി നല്‍കിയ മൊഴിയില്‍ വെള്ളപൊടി മണപ്പിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ നിങ്ങളുടെ കയ്യില്‍ തെളിവുണ്ടോ എന്നാണ് പൊലീസ് ചോദിച്ചതെന്ന്’ സലിം പറയുന്നു. രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ നീരജ എന്ന പെണ്‍കുട്ടി പൊലീസ് സ്റ്റേഷന്റെ പരിസരത്ത് എത്തിയിരുന്നു. അത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലീസ് പറയുന്നത് സിസിടിവി കേടാണെന്നാണ്. കുട്ടിയുടെ ശരീരത്തില്‍ ഇന്‍ജക്ഷന്‍ ചെയ്ത അടയാളവും ബ്ലൈഡ് കൊണ്ട് വരഞ്ഞ അടയാളവും ഉണ്ട്. പൊലീസ് ഇത് രേഖപ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ നാട്ടുകാര്‍ അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത് നീരജ എന്ന കുട്ടി പല യൂണിഫോമുകളും ഇട്ടു വരുന്നുണ്ട് എന്നാണ്. ആ കുട്ടിക്ക് പിന്നില്‍ വലിയൊരു സംഘമുണ്ട്. പല സ്‌കൂളുകളിലും പൊടി സ്ഥിരമായി കൊടുക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസിനു ഇതുവരെ മനസ്സിലായിട്ടില്ല. കുട്ടിയെ ഹരാസ് ചെയ്യുക, ചോദിച്ച കാര്യങ്ങള്‍ തന്നെ ചോദിച്ചു കൊണ്ടിരിക്കുക, കുട്ടിയുടെ മൊഴി മാറ്റിക്കുക എന്ന രീതിയിലാണ് പൊലീസ് ഇടപെടുന്നത്.’, സലിം വോക്ക് മലയാളത്തോട് പറഞ്ഞു.

salim azhiyoor SALIM PUNATHIL
സലിം അഴിയൂര്‍

പ്രതിയെന്ന് ആരോപിക്കപ്പെടുന്ന കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് സിപിഎം പശ്ചാത്തലമുണ്ടെന്ന് സലിം പറയുന്നു. കേസുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞ് പ്രാദേശിക നേതാക്കള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും സലിം പറയുന്നു. ‘കുട്ടി പറഞ്ഞിട്ടുള്ള ചുവന്ന മുടിയുള്ള യുവാവിനു ഒരു രാഷ്ട്രീയമുണ്ട്. അയാളുടെ പിറകില്‍ ആളുകള്‍ ഉണ്ടെന്ന ഭയവും അന്വേഷണം പോയാല്‍ പാര്‍ട്ടിയെ സമര്‍ദ്ദത്തിലാക്കുമോ എന്ന ഭയവും പൊലീസിനുണ്ട്. പ്രതിയുടെ വാപ്പ മറ്റൊരു പാര്‍ട്ടിക്കാരന്‍ ആണ്. അദ്ദേഹം നേരത്തെ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. അതിന്റെ സ്വാധീനവും പ്രതിക്കുണ്ട്.’, സലിം പറഞ്ഞു.

കുട്ടി അവസാനമായി ലഹരി ഉപയോഗിച്ച് 11 ദിവസങ്ങള്‍ക്കു ശേഷമാണ് മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ഇത്ര ദിവസം വൈകിയതിനാല്‍ തെളിവൊന്നും കിട്ടാന്‍ സാധ്യത ഇല്ലെന്ന് മൂത്രം പരിശോധിക്കാന്‍ നല്‍കിയ കണ്ണൂര്‍ മിംസിലെ ഡോക്ടര്‍ പറഞ്ഞതായി മാതാവ് വോക്ക് മലയാളത്തോട് പറഞ്ഞു. കൊയിലാണ്ടി ആശുപത്രിയില്‍ ഒട്ടേറെ ടെസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ റിസള്‍ട്ട് ബന്ധുക്കളെ കാണിച്ചില്ലെന്നും മാതാവ് പറയുന്നു. കൂടാതെ കൗണ്‍സിലിംഗിനു കൊണ്ടുപോയപ്പോഴും ടെസ്റ്റുകള്‍ ചെയ്തിരുന്നു. ഇതിന്റെയൊന്നും റിസള്‍ട്ട് ബന്ധുക്കളുമായി പങ്കുവെക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു.

രക്ഷിതാക്കള്‍ കേസ് കൊടുത്തിട്ട് ഒരുമാസമായി. ഇതുവരെ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്. ‘എന്നെ നാല് മണിക്കൂര്‍ ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് ടെസ്റ്റ് എടുക്കാന്‍ പോയപ്പോള്‍ മകളോടും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഒരു മാസം ആയിട്ടും സിസിടിവി പോലെയുള്ള തെളിവുകള്‍ കിട്ടില്ലേ?. അന്വേഷണത്തില്‍ അനാസ്ഥ കാണിക്കുന്നത് തെളിവ് നശിപ്പിക്കാനാണ്.’, മാതാവ് ആരോപിക്കുന്നു.  

കുട്ടി ഇതുവരെ ‘കംഫര്‍ട്ടബിൾ പൊസിഷനി’ലേയ്ക്ക് എത്തിയിട്ടില്ലാ എന്നാണ് സിഡബ്ല്യുസി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ വോക്ക് മലയാളത്തോട് പറഞ്ഞത്. കുട്ടിയുടെ മാനസിക-ശാരീരിക നില പഴയപടിയായി വീണ്ടും മൊഴി രേഖപ്പെടുത്തിയതിനു ശേഷം നിലവില്‍ നടന്നു വരുന്ന അന്വേഷണം മതിയാവുന്ന തരത്തിലാണോ എന്ന് പരിശോധിച്ച് സ്പെഷ്യല്‍ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

‘കുട്ടി നിലവില്‍ എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ കാണിക്കുന്നുണ്ട്. അത് എന്താണെന്ന് പരിശോധിക്കാന്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. അവര്‍ റെഫര്‍ ചെയ്യുകയാണെങ്കില്‍ മെഡിക്കല്‍ ചികിത്സ ലഭ്യമാക്കും. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട്, ഐസിഡിഎസ് റിപ്പോര്‍ട്ട്, സ്‌കൂളില്‍ നിന്നുള്ള റിപ്പോര്‍ട്ട്, സ്‌കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചതിനു ശേഷം വേണ്ട കാര്യങ്ങള്‍ ചെയ്യും. കുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. ലഹരി ഉപയോഗിച്ച് ഒരാഴ്ചക്കുള്ളിലേ ഉപയോഗിച്ചോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ.’, സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

മുഖ്യമന്ത്രി, ഡിജിപി, വിദ്യാഭ്യാസ വകുപ്പ്, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്കൊക്കെ പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. പ്രതിയ്ക്ക് ഭരണകക്ഷിയുടെ പിന്തുണയുള്ളത് അന്വേഷണം വഴിമുട്ടിയ്ക്കുന്നതിനു കാരണമാവുന്നുണ്ടോ എന്ന സംശയം കുട്ടിയുടെ ബന്ധുക്കള്‍ തന്നെ ഉന്നയിക്കുന്നുമുണ്ട്. കുട്ടിയുടെ മൊഴി അനുസരിച്ച് മാരകമായിത്തന്നെ രണ്ടു മാസങ്ങള്‍ കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ ലഹരി എത്തിയിട്ടുണ്ട്. സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ലഹരി നല്‍കുന്നുണ്ട് എന്ന വെളിപ്പെടുത്തലും ഉണ്ട്. എന്നിട്ടും പൊലീസും ബാലാവകാശ കമ്മീഷന്‍ അടക്കമുള്ള ഏജന്‍സികളും നിഷ്‌ക്രിയത്വം പാലിക്കുന്നത് പ്രതികളെ, ലഹരി മാഫിയാ സംഘത്തെ സംരക്ഷിക്കാന്‍ അല്ലെ എന്ന ചോദ്യം ബാക്കിയാവുന്നു.

പൊലീസ് മുതല്‍ സ്‌കുള്‍ അധികൃതരും സര്‍ക്കാരും വരെ പ്രതികുട്ടിലാകാവുന്ന സംഭവം ഒതുക്കി തീര്‍ക്കേണ്ടത് പലരുടെയും ആവശ്യമാണ്. ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ചുരുക്കത്തില്‍ ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് നീതി ഉറപ്പാക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും.  ഇതേ സ്‌കുളിലെ നിരവധി കുട്ടികള്‍ ലഹരി മാഫിയയുടെ ഇരകളാണ് എന്ന് കുട്ടിയുടെ അമ്മ പറയുമ്പോള്‍ ഇത് വരെ ഇതൊന്നും അറിയാതിരുന്ന പ്രധാനാധ്യാപികയും അധ്യാപകരും പിടിഎയും പൊലീസും കുറ്റക്കാരല്ലേ?. ഇനിയും ഈ സ്ഥാനങ്ങളിലൊക്കെ തുടരാന്‍ എന്ത് അര്‍ഹതയാണ് അവര്‍ക്കുള്ളത്. കലാലയങ്ങളും സ്‌കൂള്‍ പരിസരങ്ങളുമാണ് അടുത്ത കാലത്തായി ലഹരി മാഫിയ അവരുടെ താവളങ്ങളാക്കിയിരിക്കുന്നത്. ഭയാനകമാണ് ഇതുകൊണ്ടുണ്ടാകുന്ന അനന്തര വിപത്ത്. ഒന്നേ പറയാനുള്ളു ചിലവഴിക്കുന്ന ലക്ഷങ്ങളുടെ കണക്കുകള്‍ ഇനി പറയരുത്. നടപടികളാണ് ആവശ്യം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.