Mon. Dec 23rd, 2024

ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവര്‍ണറുടെ നീക്കം. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഉണ്ടായ താല്‍ക്കാലിക സമവായത്തിന്റെ ഭാവി, ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടുകയും ചെയ്തു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.