Mon. Dec 23rd, 2024

വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്നലെ എകെജി സെന്ററില്‍ ചേര്‍ന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തു. യോഗത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് വി ജോയിയുടെ പേര് മുന്നോട്ടുവച്ചതെന്നാണ് സൂചന. വി ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.

ഏറെ നാളായി പല പേരുകളും ചര്‍ച്ച ചെയ്‌തെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ ആനാവൂര്‍ നാഗപ്പനെതിരെ പാര്‍ട്ടിയില്‍ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.