Wed. Nov 6th, 2024

 

തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷന്‍ വാടകയ്ക്ക് താമസിക്കുന്ന ബാച്ചിലേഴ്സിന് നല്‍കിയ നോട്ടീസ് വിവാദമാകുന്നു. കെട്ടിടം കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാനെന്നും രണ്ട് മാസത്തിനുള്ളില്‍ അവിവാഹിതര്‍ ഫ്‌ളാറ്റ് ഒഴിയണമെന്നുമാണ് അസോസിയേഷന്‍ മൂന്നാം തീയതി നല്‍കിയ നോട്ടിസിലുളളത്.

എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുത് എന്ന വിചിത്ര നിര്‍ദേശവും ഫ്‌ളാറ്റ് ഓണേഴ്സ് അസോസിയേഷന്‍ ഇറക്കിയിട്ടുണ്ട്. 22 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ പരീക്ഷയ്ക്കും മറ്റുമായി എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാനാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ പറയുന്നത്.

അവിവാഹിതര്‍ താമസിക്കുന്ന ഫ്ളാറ്റുകളില്‍ രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫ്ളാറ്റിനകത്ത് എതിര്‍ലിംഗക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫ്ളാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഫ്ളാറ്റിലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

വാടകക്കാര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ആധാറും ഫോണ്‍ നമ്പറും നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ ഫ്ളാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാല്‍ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുന്നതായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.