Sat. Nov 23rd, 2024

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ അടുത്തിടെ സാധാരണ കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 1,800 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ രണ്ടാഴ്ചയ്ക്കിടെ രണ്ട് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് വ്യാപകമായ പരിഭ്രാന്തി നിലനില്‍ക്കുന്ന രജൗരിയില്‍ വിന്യസിക്കുകയാണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി വന്‍ പ്രതിഷേധമാണ് ജില്ലയില്‍ നടന്നത്.

രജൗരിയില്‍ സാധാരണ കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങള്‍ പ്രദേശത്ത് വന്‍ തിരച്ചില്‍ നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പര്‍ ഡാംഗ്രി ഗ്രാമത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.  രണ്ട് ഭീകരര്‍  മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. 

തിങ്കളാഴ്ച തീവ്രവാദികളെ കണ്ടെത്താനുള്ള കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനിടെ അതേ ഗ്രാമത്തില്‍ നടന്ന ഐഇഡി  സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായ ഒരാളുടെ വീടിന് സമീപമാണ് ഈ സ്ഫോടനം ഉണ്ടായത്.  രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ മൂന്ന് അതിക്രമങ്ങളാണ് സാധാരണ പൗരന്മാര്‍ക്ക് നേരെയുണ്ടായത്. ഡിസംബര്‍ 16ന് സൈനിക ക്യാമ്പിന് പുറത്ത് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിആര്‍പിഎഫിന്റെ മൊത്തം ശക്തിയുടെ മൂന്നിലൊന്ന് വരുന്ന 70-ലധികം ബറ്റാലിയനുകളെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.