Mon. Dec 23rd, 2024

 

ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 29 ഏക്കര്‍ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ സുപ്രീംകോടതിയുടെ സ്റ്റേ താമസക്കാര്‍ക്ക് ആശ്വാസമേകുന്നതാണെങ്കിലും അര ലക്ഷത്തോളം ജനങ്ങള്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമോയെന്ന കനത്ത ആശങ്കയിലാണ്.

ഹൈക്കോടതി ഉത്തരവിനെതിരെ കനത്ത പ്രതിഷേധമാണ് ഹാല്‍ദ്വാനിയില്‍ ഉയര്‍ന്നത്. ബന്‍ബൂല്‍പൂര മേഖലയിലെ ജനങ്ങള്‍ ധര്‍ണ നടത്തിയും മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ഥന നടത്തിയുമാണ് ഉത്തരവിനെതിരെ തെരുവിലിറങ്ങിയത് എന്ന് ദ വയര്‍ റിപ്പോട്ട് ചെയ്യുന്നു.

4,500ലധികം കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവന്നാല്‍ അരലക്ഷത്തോളം ആളുകളാണ് വഴിയാധാരമാകുന്നത്. ഡിസംബര്‍ 20നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജി ശരത് കുമാര്‍ ശര്‍മയുടെ ബന്‍ബൂല്‍പൂരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കണമെന്ന് വിധി പ്രസ്താവിക്കുന്നത്. തുടര്‍ന്ന് ഇസ്സത്‌നഗര്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ഒരാഴ്ചയ്ക്കകം പ്രദേശത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30ന് നോട്ടീസ് നല്‍കുകയും ചെയ്തു.

മുസ്ലീം സമുദായത്തില്‍ നിന്നുളള ദിവസ വേതനക്കാരായ തൊഴിലാളികളാണ് പ്രദേശത്ത് കൂടുതലായും താമസിക്കുന്നത്. ദീര്‍ഘകാലമായി പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപോരാട്ടം നടക്കുകയാണ്. റെയില്‍വെയ്ക്ക് ഈ സ്ഥലം തങ്ങളുടേതാണ് അവകാശപ്പെടാന്‍ യാതൊരുവിധത്തിലുളള തെളിവുകളും ഇല്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഇവിടുത്തെ താമസക്കാരുടെ 1,000ത്തിലധികം ഹര്‍ജികളാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് വിവിധ ജില്ലാ കോടതികളില്‍ നിലവിലുളളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒട്ടേറെ ആളുകള്‍ക്ക് സ്ഥലം സംബന്ധിച്ച പട്ടയം ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ മുഹമ്മദ് യൂസഫ് പറയുന്നു. ഇവിടുത്തെ താമസക്കാര്‍ കെട്ടിട നികുതി അടയ്ക്കുന്നുണ്ടെന്നും യൂസഫ് പറഞ്ഞു. 17 സ്‌കൂളുകളും 16 ആരാധനാലയങ്ങളുമാണ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.

തങ്ങള്‍ക്ക് വസ്തുതകള്‍ സമര്‍പ്പിക്കാനുളള അവസരം നല്‍കാതെയാണ് ഹൈക്കോടതി ഇത്തരത്തിലുളള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് താമസക്കാരനായ മുഹമ്മദ് അഖ് ലാഖ് പറയുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി ഞങ്ങളുടെ വാദം ന്യായമായി കേട്ടില്ലെന്നും 50,000ത്തിലധികം ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരാഴ്ചത്തെ സമയം മാത്രമാണ് അധികൃതര്‍ അനുവദിച്ചതെന്നും അഖ് ലാഖ് കുറ്റപ്പെടുത്തുന്നു.

ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ ഇത്തരത്തിലുളള കുടിയൊഴിപ്പിക്കല്‍ നീക്കങ്ങള്‍ നടക്കുന്നതെന്ന് പ്രദേശത്തെ താമസക്കാര്‍ പറയുന്നു. മേഖലയില്‍ ഇതുവരെ ബിജെപിക്ക് കാര്യമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാനായിട്ടില്ല. എവിടെയാണ് തങ്ങള്‍ പോകേണ്ടതെന്നും ദിവസ വേതനക്കാരായ തങ്ങള്‍ പാവപ്പെട്ടവരാണെന്നും 50 കൊല്ലമായി പ്രദേശത്ത് താമസിക്കുന്ന വക്കര്‍ റസൂല്‍ (പേര് യഥാര്‍ത്ഥമല്ല) പറഞ്ഞു. ഇപ്പോള്‍ തന്നെ ഞങ്ങള്‍ പട്ടിണികൊണ്ടും തൊഴിലില്ലായ്മകൊണ്ടും ബുദ്ധിമുട്ടുകയാണെന്നും റസൂര്‍ പരിതപിക്കുന്നു.

2017ല്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ റെയില്‍വെയ്ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മതിയായ രേഖകളൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് അയാസ് പറഞ്ഞതായും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകള്‍ക്ക് വേണ്ടി വാദിക്കുന്ന ബസ്തി ബച്ചാവോ സംഘ്രഹ് സമിതി 1959ലെ ഒരു സര്‍വേ പ്രകാരമാണ് റെയില്‍വെ 29 ഏക്കര്‍ സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ബന്‍ബൂല്‍പൂരയിലെ ജനങ്ങള്‍ക്ക് 1937 മുതലുളള താമസ രേഖകള്‍ ഉണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ ജനങ്ങളുടെ സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച വാദം, റെയില്‍വെയുടെ ഉടമസ്ഥാവകാശത്തിന്റെ വാദത്തേക്കാള്‍ മുന്‍പുളളതാണെന്ന് ഇത് തെളിയിക്കുന്നതായും സംഘടന പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.