സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
ഭരണഘടനയ്‌ക്കെതിരെ വിമര്‍ശനം നടത്തിയതിന് സജി ചെറിയാനെതിരെ കോടതിയില്‍ കേസുള്ളതിനാല്‍ നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് ജൂലൈ ആറിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ ഏറ്റവും കുറഞ്ഞ ഇടവേളയോടെ തിരിച്ചെത്തുന്ന മന്ത്രിയാണ് സജി ചെറിയാന്‍. 2022 ജൂലൈ 6ന് രാജിവച്ച അദ്ദേഹം 182 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് മന്ത്രി സഭയിലേക്ക് എത്തുന്നത്. ഇപ്രകാരം തിരിച്ചെത്തുന്ന ഏഴാമനാണ് സജി ചെറിയാന്‍.