Wed. Dec 18th, 2024

തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
താന്‍ നിരന്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് സുരക്ഷാ ജീവനക്കാരെ കൊണ്ട് ആരോപണമുന്നയിപ്പിച്ചും കോവിഡ് ആശങ്കയുള്ളതിനാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തണമെന്ന് കത്തയച്ചും തനിക്കെതിരെ കേസുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ റോഡ് ഷോകളില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടാകുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

ബിജെപി പാര്‍ട്ടിയെ തന്റെ ഗുരുവായിട്ടാണ് കണക്കാക്കുന്നതെന്നും അധികാരത്തിലിരിക്കുമ്പോള്‍ എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് ധാരാളം പണമുണ്ട്. നിങ്ങള്‍ എന്തെല്ലാം ചെയ്താലും സത്യത്തോട് പോരാടാനാകില്ല. ഞാന്‍ യാത്രതുടങ്ങിയത് മുന്‍ ധാരണകളൊന്നുമില്ലാതെയാണ്. ഈ യാത്രയില്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും രാഹുല്‍ പറഞ്ഞു.

വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. പ്രതിപക്ഷം വ്യക്തമായ കാഴ്ചപ്പാടോടെ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍, തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് ബിജെപിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അതിന് പ്രതിപക്ഷം ഒത്തൊരുമയോടെ ബദല്‍ വീക്ഷണത്തോടെ ജനങ്ങളിലേക്ക് പോകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.