Sat. Jan 18th, 2025

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സജി ചെറിയാന്‍ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതെന്ന് സിപിഎം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരന്‍ ചോദിച്ചു.

ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് ക്ലീന്‍ ചിറ്റും നല്‍കി. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന നിയമോപദേശം കൂടി ലഭിച്ചതോടെയാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രി പദവിയിലേക്ക് തിരിച്ചെത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.