Wed. Dec 18th, 2024

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാവും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജ്യമാകെ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധി അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല നടത്തുന്നതെന്നും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും കമല്‍നാഥ് പറഞ്ഞു.

പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം തകര്‍ക്കുകയും ചെയ്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.