Tue. Nov 5th, 2024

യുക്രെയ്‌നില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് 69 മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രെയ്‌ന് സൈന്യം അറിയിച്ചു. ഇതില്‍ 54 എണ്ണം തകര്‍ത്തയായും സൈന്യം വ്യക്തമാക്കി. കരയില്‍ നിന്നും കടലില്‍നിന്നും ഒരേസമയം നടത്തിയ മിസൈല്‍ ആക്രമണം അഞ്ചുമണിക്കൂറോളം നീണ്ടു. 14 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കീവിന് പുറമെ ഹര്‍കീവ്, ഒഡേസ, ലിവിവ് എന്നീ നഗരങ്ങളിലും റഷ്യന്‍ മിസൈല്‍ പതിച്ചു. യുദ്ധം ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വൈദ്യുതി നിലയങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യുക്രെയ്ന്‍ ആരോപിച്ചു.

‘വിവേചനരഹിതമായ ക്രൂരത. സമാധാനപരമായ ഉക്രേനിയന്‍ നഗരങ്ങളില്‍ പുതുവര്‍ഷത്തിന് മുന്നോടിയായി റഷ്യ മറ്റൊരു മിസൈല്‍ ആക്രമണം നടത്തുന്നത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഈ വാക്കുകള്‍ മാത്രമാണ് എന്ന് യുക്രേയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വിറ്ററില്‍ കുറിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.