ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്, ഗവര്‍ണറുടെ രാഷ്ട്രീയനീക്കങ്ങള്‍ മുതലായ വിവാദ വിഷയങ്ങളില്‍ നിയമസഭയ്ക്കകത്തും പുറത്തും സ്വീകരിക്കേണ്ട സമരതന്ത്രങ്ങള്‍ ആലോചിക്കാനായി യു ഡി എഫ് ഏകോപനസമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. അരിയില്‍ ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം കത്തിനില്‍ക്കെയാണ് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ചേരുന്നത്. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരസ്യ നിലപാട് ലീഗ് കേന്ദ്രങ്ങളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ലീഗ് ഇന്ന് യോഗത്തില്‍ ഉന്നയിക്കും.
അതേസമയം, ഇപി ജയരാജനുമായി ബന്ധപ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കെ രാഷ്ട്രീയമായി അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന തോന്നല്‍ കോണ്‍ഗ്രസിലും മറ്റ് ഘടക കക്ഷികളിലുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാകും യോഗത്തില്‍ ഉയരുക. കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.