ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍, അന്തരിച്ച രാജേഷ് ഖന്നക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. ബോളിവുഡില്‍ അറുപതുകളിലും എഴുപതുകളിലും അഭിനയമികവ് കൊണ്ട് ആരാധാകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞു. 150 ഓളം ചിത്രത്തില്‍ രാജേഷ് ഖന്ന അഭിനയിച്ചിട്ടുണ്ട്. 1969 ല്‍ പുറത്തിറങ്ങിയ അര്‍ത്ഥന എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ഖന്ന താരമാകുന്നത്. 1974 വരെ രാജേഷ് ഖന്ന ഹിറ്റ് ചിത്രങ്ങള്‍ നല്‍കി ബോളിവുഡ് ഭരിച്ചു. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു.
1990-കളില്‍ അദ്ദേഹം സിനിമാഭിനയം കുറച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച രാജേഷ് ഖന്ന 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു. 2007-ല്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാകാന്‍ തുടങ്ങി. 2010-ല്‍ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേല്‍ മേം ആണ് അവസാന സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ച അദ്ദേഹത്തിന് 2008-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2012 ജൂലൈ 18-ന് അദ്ദേഹം അന്തരിച്ചു.