Mon. Dec 23rd, 2024

കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക് ഡ്രില്‍ സംഘടിപ്പിക്കും. ഓക്‌സിജന്‍ പ്ലാന്റ് , വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.

രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ബിഹാറിലെ ഗയ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടന്‍, മ്യാന്‍മാര്‍, തായ്ലന്‍ഡ് , മലേഷ്യ, ദുബായി എന്നിവിടങ്ങളില്‍ നിന്നുമാണ് രോഗികളെത്തിയത്. ഇവരെ ക്വാറന്റീനില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ മുന്‍കൈയെടുക്കണെമെന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തില്‍ മന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഐഎംഎ ആവശ്യപ്പെട്ടു.  

അതേസമയം. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയർ ഇന്ത്യ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം നൽകി. കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.