ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലി ദേയുടെ ഭാര്യയും മകളും സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ട് ഇറാന്‍ സര്‍ക്കാര്‍.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാനിരുന്ന അലിയുടെ കുടുംബത്തെയാണ് സര്‍ക്കാര്‍ തടഞ്ഞത്. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് അലി ദായ് ആരോപിച്ചു.
ഇറാന്റെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ അലി ദേയി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അലി ദേയിയുടെ കുടുംബത്തിനെതിരേ തിരിഞ്ഞത്. ദുബൈയിലുള്ള അലിയ്ക്കൊപ്പം അവധി ആഘോഷിക്കാനാണ് താരത്തിന്റെ കുടുംബം ടെഹ്റാനില്‍ നിന്ന് യാത്ര തിരിച്ചത്.
ഇറാനില്‍ മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് 22 കാരി മഹ്സ അമീനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുകയാണ്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണത്തെച്ചൊല്ലിയാണ് അമീനിയെ പൊലീസ് അറസ്റ്റുചെയ്തത്. അമീനിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അലി ദേയിയും രംഗത്തെത്തിയിരുന്നു.
താരത്തിന്റെ ടെഹ്‌റാനിലെ നൂര്‍ ജ്വല്ലറിയും റെസ്റ്റോറന്റുമടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഇറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അലി ദേയുടെ കുടുംബത്തിനെതിരെയുള്ള വിലക്ക്.