സംസ്ഥാനത്ത് ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ എരുമേലിയിലും പമ്പാവാലിയിലും ജനകീയ സമരസമിതിയുടെ പ്രതിഷേധം. പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി. ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. ഉപഗ്രഹ സര്‍വേയിലും വനംവകുപ്പിന്റെ ഭൂപടത്തിലും രണ്ട് വാര്‍ഡുകള്‍ വനമായി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പിനെതിരെ നാട്ടുകാര്‍ തിരിഞ്ഞത്. ഏയ്ഞ്ചല്‍വാലിയിലെ നാട്ടുകാരും പ്രതിഷേധത്തിലാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ഈ മേഖല വനമേഖല ആയിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭൂപടത്തില്‍ നിന്ന് മാറ്റുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും പുതിയ റിപ്പോര്‍ട്ടിലും പ്രദേശത്തെ വനമേഖലയില്‍ തന്നെ ഉള്‍പെടുത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം രൂക്ഷമായത്.