Fri. Nov 22nd, 2024

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ ഉന്നതല യോഗം വിളിച്ചു ചേര്‍ത്തു. 

ചൈനയില്‍ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയര്‍ത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റ വിലയിരുത്തല്‍. നിലവില്‍ നാലു കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചു. സാമ്പിളുകള്‍ ജീനോ സീക്വന്‍സിങിന് വിധേയമാക്കിയുമാണ് പ്രതിരോധ നടപടികള്‍. കൂടുതല്‍ പേരിലേക്ക് പുതിയ വകഭേദം പടര്‍ന്നാല്‍ രാജ്യാന്തര യാത്രക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എയര്‍ സുവിധ പുനസ്ഥാപിച്ചേക്കും. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. 

വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡിനെ കരുതണം. പഠിച്ച പാഠങ്ങള്‍ മറക്കരുതെന്നും ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.