Sun. Dec 22nd, 2024

സ്ത്രീകള്‍ക്ക് സര്‍വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ – സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിച്ചു. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദ്ദേശം.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം സ്ത്രീകള്‍ക്ക് പാര്‍ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജന്‍സികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടാനാണ് സാധ്യത

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.