ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു. യാത്രയില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കണമെന്നും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും നിര്‍ദേശത്തിലുണ്ട്.
കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിക്കാത്തപക്ഷം യാത്ര മാറ്റിവെക്കാന്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ പ്രശ്നം ഗൗരവമായി കാണണമെന്നാണ് കേന്ദ്ര നിര്‍ദേശം.
അതേസമയം, ഭാരത് ജോഡോ യാത്ര തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്ര പെട്ടെന്ന് രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് കോണ്‍ഗ്രസ് എംപി പി ചിദംബരം ചോദിച്ചു. രാജ്യത്തെ മറ്റ് പരിപാടികള്‍ക്കൊന്നും കൊവിഡ് മാനദണ്ഡം ബാധകമല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ക്യാംപയ്നുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ‘സോഷ്യല്‍ മീഡിയ മുഴുവന്‍ രാഹുല്‍ ഗാന്ധിയാണ്. അതാണ് മോദി സര്‍ക്കാര്‍ മാണ്ഡവ്യയെ കളത്തിലിറക്കി ഏത് വിധേനയും യാത്രക്ക് തടസമുണ്ടാക്കാനും ജനങ്ങളുടെ മനസ് മാറ്റാനും ശ്രമിക്കുന്നത്. അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്.