Mon. Dec 23rd, 2024

രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടി  ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് തിരുമാനം. പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശിച്ചു. അഞ്ച് ഘട്ട പ്രതിരോധ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ലോകത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 ന് ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ യോഗത്തിൽ വിലയിരുത്തും. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, ഇന്ത്യയിലെ കൊവിഡ് കണക്കുകളില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. 1103 പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ് മാര്‍ച്ചില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തിലെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി കുറഞ്ഞു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.