ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിര്‍ദേശിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗമായ ഡോ. വികെ പോള്‍ യോഗത്തിനുശേഷം വ്യക്തമാക്കി. രോഗങ്ങള്‍ ഉള്ളവരിലും മുതിര്‍ന്നവരിലും ഇക്കാര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഷോട്ടുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നത് സുഗമമാക്കുന്നതിനായി കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ INSACOG ലാബുകളിലേക്ക് അയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യവിഭാഗം സെക്രട്ടറിമാര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് ഡിപ്പാര്‍ട്‌മെന്റ്, ബയോടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ്, ആയുഷ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ചൈനയ്ക്ക് പുറമെ, ജപ്പാന്‍, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ബെയ്‌ജിങ്ങില്‍ നാല്‍പതുശതമാനത്തിലധികം പേരും കോവിഡ് ബാധിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ് നയത്തില്‍ ഇളവ് നല്‍കിയതിന് പിന്നാലെയണ് പുതിയ കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. കോവിഡ് മൂലമുള്ള മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് ചൈന മറച്ചുവെക്കുന്നുവെന്നും ആരോപണവുമുണ്ട്.