ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റെ വളപ്പില്‍ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സര്‍വേ നിര്‍ത്തലാക്കുക, ഫിസിക്കല്‍ സര്‍വേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സാറ്റലൈറ്റ് സര്‍വേ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. മുന്‍പ് ബഫര്‍ സോണില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ സാറ്റലൈറ്റ് സര്‍വേയില്‍ ബഫര്‍ സോണ്‍ ആയി. വനമേഖലയോട് ചേര്‍ന്ന കൃഷിഭൂമി പോലും പരിസ്ഥിതി ലോല മേഖലയായെന്ന് യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കി പുനപ്പരിശോധനാ ഹര്‍ജി നല്‍കാം എന്ന സര്‍ക്കാറിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടു. ബഫര്‍സോണ്‍ ഒഴിവാക്കി സുപ്രീം കോടതി വിധി ഉണ്ടായില്ലെങ്കില്‍ അത് ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും. ഇതിന് എന്ത് തെളിവാണ് സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതെന്നും എംപിമാര്‍ ചോദിച്ചു.