Wed. Jan 22nd, 2025

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം അരംഭിക്കാൻ കോൺഗ്രസ്.  അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോ‍ർട്ടിലുളളൂ. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. സ്ഥല പരിശോധന നടത്തി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നടപടികള്‍ക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.  ബഫർ സോണിൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിക്കും പഞ്ചായത്തുകളിലെ ഹെല്പ് ഡെസ്കിനും കിട്ടുന്ന പരാതികളിൽ ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ് തീരുമാനിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാകും കേരളത്തിലെ 115 വില്ലേജുകളിലും സർവേ നടത്തുക. സർവേയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ ഇന്നും അടുത്ത ചൊവ്വാഴ്ചയുമായി വിദഗ്ധസമിതി യോഗം ചേരും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.