Mon. Dec 23rd, 2024

ജൂലൈ 4, അമേരിക്കൻ സ്വാതന്ത്ര്യ ദിനം. ഈ വർഷത്തെ സ്വാതന്ത്ര്യദിനം അമേരിക്ക അടയാളപ്പെടുത്തിയത് വെടിവെപ്പുകൾ കൊണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെ  രണ്ട് നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്. ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിൽ പരേഡ് നടക്കുന്നതിനിടെ വ്യാപാര സ്ഥാപനത്തിന്റെ മുകളിൽ നിന്നും തോക്കുധാരിയായ റോബർട്ട് ക്രിമോ എന്ന 22കാരൻ പരേഡിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ പത്ത് മണി പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ ആറു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. അന്നേ ദിവസം വൈകുന്നേരം, ഫിലാഡൽഫിയയിൽ കരിമരുന്നു പ്രയോഗം കാണാനെത്തിയ ആയിരങ്ങൾക്ക് നേരെയാണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഈ വാരാന്ത്യത്തിൽ മാത്രം അമേരിക്കയിൽ 13 കൂട്ട വെടിവെയ്പുകളാണ് ഉണ്ടായത്. ഇതിൽ ഒരു ഡസനിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ടെക്സസിലെ ഒരു പ്രാഥമിക വിദ്യാലയം, ഓക്ലഹോമയിലെ ഒരു മെഡിക്കൽ സ്ഥാപനം, ന്യൂയോർക്കിലെ ഒരു സൂപ്പർമാർക്കറ്റ്, കാലിഫോർണിയയിലെ പള്ളി എന്നിവയെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടെ കൂട്ട വെടിവെയ്പ്പ് നടന്ന സ്ഥലങ്ങളാണ്. 

2022 അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ വർഷമാണെന്ന് പറയേണ്ടി വരും. ഗൺ വയലൻസ് ആർക്കൈവിന്റെ കണ്ടെത്തൽ പ്രകാരം ഈ വര്ഷം മാത്രം 313 വെടിവെപ്പുകൾ ഉണ്ടാവുകയും, അതിൽ 337 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 2021 ൽ ഉണ്ടായ 692 കൂട്ടവെടിവെയ്പുകളിൽ 701 പേർ കൊല്ലപ്പെടുകയും, 2840 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർക്കൈവിലെ കണക്കുകൾ പ്രകാരം 2018 ജനുവരി 1 മുതൽ 2022 ജൂലൈ 5 വരെ 2369 കൂട്ടവെടിവെപ്പുകളാണ് അമേരിക്കയിൽ ഉണ്ടായത്. ഈ കാലയളവിൽ 2388 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. നിരപരാധികളായ 2388 പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഈ വർഷം 27 വിദ്യാലയങ്ങളിലാണ് വെടിവെപ്പ് നടന്നത്. ചുരുക്കത്തിൽ അമേരിക്കയിലെ സ്ഥിതി ഇപ്പോൾ ഗുരുതരമാണ്. 

ഇന്ന് അമേരിക്കയിൽ സുരക്ഷിതത്വം തോന്നുന്നവർ വളരെ ചുരുക്കമാണ്, ഇതിൽ നിയമനിർമ്മാതാക്കൾ അടക്കം  ഉൾപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതേസമയം ഇതിനെതിരെ നിയമപരമായി നടപടി എടുക്കേണ്ട അമേരിക്കയിലെ നിയമനിർമ്മാതാക്കൾ കഴിഞ്ഞ ആഴ്ച അവധിയിലായിരുന്നു. ജൂലൈ നാലിലെ ആഘോഷങ്ങൾ കാരണം  യുഎസ് കോൺഗ്രസിനു അവധി നൽകുകയും, നിയമസഭാംഗങ്ങൾ അവധിക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക്  മടങ്ങുകയും ചെയ്തു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തോക്ക് സുരക്ഷ സംബന്ധിച്ച ആദ്യത്തെ സുപ്രധാന ബില്‍ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ജൂണ്‍ അവസാനത്തോടെയാണ് പുതിയ തോക്ക് നിയന്ത്രണ നിയമത്തില്‍ ഒപ്പുവച്ചത്. പുതിയ നിയമ പ്രകാരം തോക്ക് വാങ്ങാനുള്ള പ്രായം 21 ആയി ഉയർത്തുകയും, തോക്ക് വില്പനയുടെ പശ്ചാത്തല പരിശോധന ശക്തമാക്കുകയും, ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ തോക്ക് ലഭ്യത കുറയ്ക്കാനുള്ള നിയമങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. പക്ഷെ നിയമനിർമ്മാണം പാസ്സാക്കിയതിനു പിന്നാലെ വീണ്ടും കൂട്ടവെടിവെപ്പുകൾ ഉണ്ടാവുകയാണ്. ഇത്തരം അക്രമങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഇപ്പോൾ പ്രതിവാര സംഭവമാണെന്നാണ് ഒരു ഗവർണർ പോലും പറയുന്നത്. 

തോക്കുപയോഗത്തോടൊപ്പം അമേരിക്കയിൽ യുവാക്കൾ അടക്കമുള്ള ജനവിഭാഗം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളും ഇവിടെ പരിഗണിക്കണം. ബാല്യത്തിലും കൗമാരത്തിലും അനുഭവിക്കുന്ന തിരസ്കരണവും അന്യഥാബോധവും റാഡിക്കലൈസെഷനുമെല്ലാം അവരെ പ്രതികാര ചിന്തയിൽ എത്തിക്കുന്നുണ്ട്. വെടിവെപ്പ് നടത്തിയ പല ചെറുപ്പക്കാരും ഇത്തരത്തിലുള്ള സാഹചര്യം നേരിട്ടവരായിരുന്നു. അമേരിക്കയുടെ സാമൂഹ്യ ചുറ്റുപാടിലും, അമേരിക്കൻ ജനതയുടെ മനോഭാവത്തിലും ഒരു മാറ്റം പതിയെയെങ്കിലും ഈ പ്രശ്നത്തിനാവശ്യമാണ്. 

എന്തായാലും നിലവിലെ പ്രശ്നത്തിന് ഏറ്റവും പ്രായോഗികമായ പരിഹാരം തോക്ക് നിയന്ത്രണം മാത്രമാണ്. എന്നാൽ അമേരിക്കൻ നിയമനിർമ്മാതാക്കളും തോക്ക് അഭിഭാഷകരും പോലും ഇത് അംഗീകരിക്കാൻ സാധ്യതയില്ല.തോക്കുകളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുകയെന്നത് വൺമെന്റിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പവുമല്ല. “ദുഷ്ടനായ ഒരു തോക്കുധാരിയെ നിലക്കുനിർത്താൻ നല്ലവനായ തന്റെ കൈയിലും തോക്കു വേണം എന്ന അവസ്ഥയിലേക്ക് അമേരിക്കയിലെ ജനങ്ങൾ എത്തിക്കഴിഞ്ഞു.” ഇനിയും എന്തിനു വേണ്ടിയാണ് അമേരിക്കൻ നിയമനിർമ്മാതാക്കൾ കാത്തിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.