Fri. Nov 22nd, 2024

1982-83 ലെ രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്കെതിരായ കർണാടകയുടെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ച ചെറുപ്പക്കാരൻ. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ഏവരും പ്രതീക്ഷിച്ച അവന് പക്ഷേ കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. തന്റെ പ്രണയിനിയെ കാണാനായി കേരളത്തിലേക്ക് പോയ അവന്റെ അവസാന യാത്രയായിരുന്നു അത്. തന്റെ ഇരുപത്തിയേഴാം വയസ്സിൽ, മരണത്തിനു കീഴടങ്ങിയ, ഒരുപക്ഷെ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമാകുമായിരുന്ന അദ്ദേഹത്തിന്റെ പേര് രഞ്ജിത്ത് ഖാൻവിൽക്കർ. റെയിൽവേയ്ക്ക് വേണ്ടി കൂടി കളിച്ച അദ്ദേഹത്തിന്റെ ജീവൻ കവർന്നതാകട്ടെ ഒരു തീവണ്ടി ദുരന്തവും, പെരുമൺ തീവണ്ടി അപകടം

മഹാരാഷ്ട്രയിൽ ജനിച്ച് ഗുജറാത്തിലെ സൗരാഷ്ട്രയിൽ പ്ലേസ്ബൗളറായി ആയിരുന്നു രഞ്ജിത്ത് തന്റെ ആദ്യകാല ക്രിക്കറ്റ് ജീവിതം തുടങ്ങിയത്. ബാംഗ്ലൂരിലേക്ക് താമസം മാറിയ അദ്ദേഹം പിന്നീട് കർണാടകയ്‌ക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തുടങ്ങി. രഞ്ജി ട്രോഫി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു രഞ്ജിത്ത് കാഴ്ചവെച്ചത്. ഇതിനിടെ  സെൻട്രൽ സോണിലേക്ക് പോയാൽ കൂടുതൽ  അവസരങ്ങൾ ലഭിക്കുമെന്ന ഒരു കേന്ദ്ര മന്ത്രിയുടെ വാഗ്ദാനത്തിൽ സൗത്ത് സോൺ വിട്ടെങ്കിലും, സെൻട്രൽ സോണിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. തിരിച്ച് കർണാടകയിലേക്ക് വാരാനും, ഇന്ത്യൻ ടീമെന്ന സ്വപ്നത്തിലേക്ക് അടുക്കാനും കൊതിച്ച രഞ്ജിത്തിന് പിന്നീട് ടീമിലേക്കെന്നല്ല, ജീവിതത്തിലേക്ക് പോലും ഒരു തിരിച്ചു വരവുണ്ടായില്ല. 1980 മുതൽ 1988 വരെയുള്ള, വെറും 8 വർഷം നീണ്ടു നിന്ന തന്റെ കരിയറിലെ 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 41 വിക്കറ്റും, മൂന്നു സെഞ്ച്വറിയും 8 അർദ്ധസെഞ്ച്വറികളും അടക്കം 1637 റൺസ് നേടിയ അദ്ദേഹം ഇന്ത്യൻ ജേഴ്‌സി അണിയാൻ കാത്തുനിന്നില്ല. 

1988 ജൂലൈ 8 ന് ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോയ ഐലന്റ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് കൂപ്പു കുത്തിയപ്പോൾ, നഷ്ടപ്പെട്ടത് രഞ്ജിത്ത് ഖാൻവിൽക്കറുടെ സ്വപ്നങ്ങൾ മാത്രമല്ലായിരുന്നു, 105 പേരുടേത് കൂടെയായിരുന്നു. നമുക്കറിയുന്നത്  രഞ്ജിത്തിന്റെ കഥ മാത്രമാണ്. പക്ഷേ ഒരുപാട് സ്വപ്നങ്ങളോടെ, പ്രതീക്ഷകളോടെ, എന്തൊക്കെയോ ആവശ്യങ്ങൾ നിറവേറ്റാനായി, ആരെയൊക്കെയോ കാണാനായി യാത്ര തിരിച്ച അവർക്ക് ഓരോരുത്തർക്കും പറയാനൊരുപാടുണ്ടാവും. ആ കഥകളെല്ലാം ഇന്ന് അഷ്ടമുടി കായലിന്റെ അടിത്തട്ടിലുണ്ട്. 

അന്ന് ഐലന്റ് എക്സ്പ്രസ് എത്തിയത് അല്പം നേരത്തെയായിരുന്നു. ഉച്ചയ്ക്ക് 12.30 ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്ത് എത്തിയ ട്രെയിനിന്റെ എഞ്ചിൻ മാത്രമേ മുന്നോട്ട് പോയുള്ളു.  പിന്നാലെയുള്ള 8 ബോഗികൾ പാളം തെറ്റി, അഷ്ടമുടി കായലിലേക്ക് പതിച്ചു. അതുവരെ ശാന്തമായി ഒഴുകിയ അഷ്ടമുടിക്കായലിൽ പിന്നെ, ജീവന് വേണ്ടിയുള്ള അലമുറകൾ ഉയർന്നു. നാട്ടുകാരും, മത്സ്യബന്ധന തൊഴിലാളികളുമെല്ലാം ഒരുമിച്ച് ചേർന്ന്, തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുനൂറിലധികം പേരെ പരിക്കുകളോടെ രക്ഷിച്ചു. അപ്പോഴും 105 പേരുടെ ജീവൻ കായലിൽ അവസാനിച്ചു. 

ഇതിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ അടക്കം സ്വർണങ്ങളും മറ്റു കവർന്ന മനുഷ്യത്വമില്ലായ്മയ്ക്കും കൂടിയായിരുന്നു പെരുമൺ ദുരന്തം സാക്ഷ്യം വഹിച്ചത്. ജീവന് വേണ്ടി യാചിക്കുന്നവർക്ക് മുന്നിൽ ചിലർ കൈത്താങ്ങായപ്പോൾ, മറ്റു ചിലർ അവിടെ കവർച്ച നടത്തുകയായിരുന്നു. എന്ത് സംഭവിച്ചാലും കാഴ്ചക്കാരാനാവാനുള്ള മനുഷ്യരുടെ സ്വഭാവവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. ദുരന്തം ആസ്വദിക്കാൻ മറ്റു ജില്ലകളിൽ നിന്നും ആളുകളെത്തി, പെരുമണ്ണിൽ തടിച്ചുകൂടി. ഒടുക്കം കായലിൽ നിന്ന് ശവത്തിന്റെ ദുർഗന്ധം വരാൻ തുടങ്ങിയപ്പോഴാണ് പലരും മടങ്ങിപ്പോയത്. കാഴ്ചക്കാരായതും, കവർച്ച നടത്തിയതും, ഇതിനിടെ സ്വന്തം ജീവൻ മറന്ന് രക്ഷിക്കാൻ ശ്രമിച്ചതുമെല്ലാം മനുഷ്യർ തന്നെയായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം. അഞ്ച് ദിവസം കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട കോച്ചുകൾ ഉയർത്താൻ റെയിൽവേയ്ക്കും കഴിഞ്ഞില്ല. അപ്പോഴും മൃതശരീരങ്ങൾ ആ ബോഗികൾക്കുള്ളിൽ തന്നെയുണ്ടായിരുന്നു.                                            

ഇന്ത്യയിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ തീവണ്ടി അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. അപകടത്തിൽ ആദ്യ അന്വേഷണം നടത്തിയ റെയിൽവേ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ തുടക്കത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് പറഞ്ഞിരുന്നെങ്കിലും, അന്വേഷണം പൂർത്തിയാക്കിയപ്പോൾ ചുഴലിക്കാറ്റാണ് അപകടമുണ്ടായതെന്ന വിചിത്ര നിഗമനത്തിലെത്തി. എന്നാൽ അങ്ങനയൊരു ചുഴലിക്കാറ്റ് ഉണ്ടായിരുന്നില്ല എന്നും, ചെറിയ മഴയും കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുമാണ് നാട്ടുകാർ പറയുന്നത്. നിരവധി പേരുടെ ആവശ്യത്തെ തുടർന്ന് രണ്ടാമത് അന്വേഷണം നടത്തിയ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ സിഎസ് നായ്ക്കും ചുഴലിക്കാറ്റ് എന്ന ഉത്തരത്തിൽ തന്നെയെത്തി.

പാളത്തിൽ ജോലികൾ നടക്കുകയായിരുന്നെന്നും, എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കോച്ചുകൾ കൂട്ടിയിടിച്ച് കായലിലേക്ക് വീണെന്നുമാണ് ചില നാട്ടുകാർ വിശ്വസിക്കുന്നത്. എന്നാൽ അമിത വേഗത കൊണ്ടാണെന്നും, അവിദഗ്ദ്ധർ വണ്ടി ഓടിച്ചതിനാലാണെന്നും ചിലർ അപകടത്തിന് കാരണമായി ആരോപിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണി, അന്ന് പെരുമൺ പാലത്തിൽ നടക്കുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനിടെ ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കണമെന്നും, അപ്പോൾ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കണമെന്നുമാണ് നിയമം. എന്നാൽ അപകടം നടക്കുന്ന സമയത്ത് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നെന്നാണ് അറിയുന്നത്‌. സമയത്തിന് മുമ്പേ വന്ന ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നെന്ന് ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വേഗത്തിൽ പണി നടക്കുന്ന പാളത്തിലൂടെ ട്രെയിൽ വന്നതാണ് അപകടകാരണമെന്ന് അനുമാനിക്കാം. ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിലും ഉണ്ടായിരുന്നു. എന്തായാലും റെയിൽവേ അധികൃതർ ഒഴിച്ച് നിരവധിപ്പേർ ഈ അനുമാനത്തെ അനുകൂലിക്കുന്നുമുണ്ട്. 

റെയിൽവേയുടെ സ്ഥിരം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ റെയിൽവേ പാത കൂടെ വന്നു എന്നല്ലാതെ വർഷം 34 കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നും പെരുമൺ പാതയിൽ ഉണ്ടായിട്ടില്ല. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി കായലിനടുത്ത് പാലത്തിനു താഴെ ഒരു സ്മൃതി മണ്ഡപം നിർമ്മിച്ചിരുന്നു. വികസനത്തിനായി പല തവണ മാറ്റി സ്ഥാപിച്ച ഇതാവട്ടെ, ഇപ്പോൾ കാടുമൂടി കിടക്കുന്നുണ്ട്. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകളുടെ ആവശ്യം റെയിൽവേ പരിഗണിച്ചിട്ടേയില്ല. എല്ലാ വർഷവും മരിച്ചവരുടെ ബന്ധുക്കൾ അവിടെ വന്ന് പുഷ്‌പാർച്ചന നടത്തും എന്നല്ലാതെ, റെയിൽവേ ഈ ദിവസത്തെയോ അപകടത്തെയോ ഓർക്കുന്നു പോലുമില്ല. 

ഉണ്ടായിരുന്നെങ്കിൽ അപകടത്തിൽ മരിച്ച മുപ്പതോളം പേർക്ക് ഇപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലായിരുന്നു. മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞായിരുന്നു അധികാരികൾ നഷ്ടപരിഹാരം നൽകാതിരുന്നത്. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള 50,000 രൂപയുമായിരുന്ന നഷ്ടപരിഹാരമാണ് ഇതുവരെ പൂർണമായും നൽകാത്തത്. നാല്പതോളം പേരെ മരണത്തിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികവും ഇനിയും പൂർണമായി നൽകിയിട്ടില്ല. 1990ൽ പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പെരുമൺ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വർഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇന്നും ആവശ്യമായി കിടക്കുകയാണ്. 

സർക്കാരും റെയിൽവേയും എല്ലാം മറന്നു കളഞ്ഞു. അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ചുഴലിക്കാറ്റ് ഉള്ളതിനാൽ തങ്ങളുടെ പ്രതിച്ഛായക്ക് പോലും മങ്ങലേറ്റില്ല. ഉറ്റവരെ നഷ്ടപ്പെട്ടവർ എല്ലാ വർഷവും വേദനയോടെ ഈ ദിവസമോർക്കും, അപകടത്തിന്റെ തീക്ഷണത നേരിട്ട് കണ്ടവർ, അതറിഞ്ഞവർ ഭീതിയോടെ ഈ ദിവസമോർക്കും. ഞങ്ങൾ അടക്കമുള്ള ചില മാധ്യമങ്ങൾ ഏറ്റവും വലിയ തീവണ്ടി അപകടത്തെ, അതിന്റെ കാരണങ്ങളെ നിങ്ങളെ ഈ ദിവസം ഓർമ്മിപ്പിക്കും. അല്ലാത്തപ്പോഴെല്ലാം രഞ്ജിത്ത് ഖാൻവിൽക്കർ അടക്കമുള്ള ആ 105 പേര് അഷ്ടമുടി കായലിൽ തങ്ങളുടെ പാതി പൊഴിഞ്ഞ കഥകൾ അന്യോന്യം പറയുമായിരിക്കും. ചിലപ്പോൾ അവരും തങ്ങളുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടാവും.