Mon. Dec 23rd, 2024

ക്യാൻവാസുകളോ, പേപ്പറുകളോ, ചുമർ ചിത്രങ്ങളോ ഇല്ലാതെ പൂർണമായും ഡിജിറ്റൽ സാധ്യതകളെ ഉപയോഗപ്പെടുത്തിയൊരു കലാപ്രദർശനം. കൃത്യമായ ഇടവേളകളിൽ സ്ഥാപിച്ച 43 ഇഞ്ച് വലിപ്പമുള്ള എൽഇഡി ടിവികളിൽ ഡിജിറ്റൽ എൻഎഫ്ടി വർക്കുകൾ ശബ്ദത്തോടൊപ്പം പ്ലേ ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരേ സ്‌ക്രീനിൽ ഒന്നിലധികം കലാകാരന്മാരുടെ ഒന്നിലധികം സൃഷ്ടികൾ. സാധാരണ ചിത്രകലാപ്രദർശത്തിനപ്പുറത്തേക്ക് കഫേ പപ്പായയിൽ ഒരുക്കിയ ഈ എൻഎഫ്ടി പ്രദർശനത്തെ വ്യത്യസ്തമാക്കുന്നതും അതാണ്.

 

മിത്ത് ആൻഡ് മീമ്സ് എന്ന ആശയത്തിൽ വിമൽ ചന്ദ്രൻ ക്യൂറേറ്റ് ചെയ്ത പ്രദർശനത്തിൽ അദ്ദേഹമടക്കം പതിനാലു കലാകാരുടെ എൻഎഫ്ടി വർക്കുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രാജ്യത്തുള്ള അധികം അറിയപ്പെടാത്ത കഥകൾ പറയുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 101 ഇന്ത്യയുടെ NFT ക്രിയേറ്റേഴ്‌സാണ് പ്രോജക്‌റ്റ് സംഘടിപ്പിച്ചത്. കൊച്ചിയിലെ ആദ്യത്തെ സമ്പൂർണ എൻഎഫ്ടി പ്രദർശനം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

പാതി കേട്ടറിഞ്ഞ എന്‍എഫ്ടിയെക്കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും അറിവ് നല്കുന്നതിനോടൊപ്പം, സാധാരണക്കാർക്ക് കൂടി നേരിട്ട് എന്‍എഫ്ടി സൃഷ്ടികൾ കാണാനുള്ള അവസരമാണിത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചെയ്ത ഒരു സൃഷ്ടിക്കുമേൽ കലാകാരന് പൂർണ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ കഴിയുമെന്നതാണ് എന്‍എഫ്ടിയുടെ പ്രത്യേകത.  ക്രിപ്‌റ്റോകറൻസിയിലൂടെ ഇത്തരത്തിലുള്ള ഏത് ഡിജിറ്റൽ സൃഷ്ടിയും വാങ്ങാനോ വിൽക്കാനോ സാധിക്കും. ഓരോ കലാസൃഷ്ടിക്കും ഒരു സ്രഷ്ടാവും, ഒരു ഉടമസ്ഥനും മാത്രമേ ഉണ്ടായിരിക്കൂ. ക്യൂറേറ്റർമാരുടെയോ ഗാലറികളുടെയോ സഹായമില്ലാതെ, കാലത്തിനൊപ്പം സഞ്ചരിച്ച നൂറുകണക്കിന് കലാകാരന്മാർ എന്‍എഫ്ടി വഴി വലിയ തുകയ്ക്ക് തങ്ങളുടെ സൃഷ്ടികൾ വിറ്റഴിക്കുന്നുണ്ട്. 

എന്‍എഫ്ടി കല പ്രദർശനം എന്നതിന് പുറമെ കൃത്യമായ ആശയത്തിലൂന്നിയതാണ് തിരഞ്ഞെടുത്ത ഓരോ വർക്കുകളും. പരമ്പരാഗതമായി കേട്ടുവരുന്ന കെട്ടുകഥകളും പഴകഥകളുമെല്ലാം, ഇന്നിന്റെ സൃഷ്ടിയായ മീമ്സുകളുമായി കൂട്ടിച്ചേർക്കുന്നതിലൂടെ ഉണ്ടാവുന്നത് വിശാലമായ ഭാവനകളാണ്. മിത്തുകളിലും മീമുകളിലും കാണുന്ന വ്യത്യസ്‍തമായ കഥ പറച്ചിൽ രീതികളെ ഇവിടെ സമന്വയിപ്പിക്കുമ്പോഴും, മിത്തുകളുടെ നിഗൂഢതയ്ക്കും, പഴമയ്ക്കും, മീമുകളുടെ രസച്ചരടിനും കോട്ടം സംഭവിക്കുന്നുമില്ല. 

“ഇതിലെ എല്ലാ കലാകാരന്മാരും 90 കളിൽ ജനിച്ചവരാണ്. അതായത് തങ്ങളുടെ കുട്ടികാലത്ത് ഈ കെട്ടുകഥകളെല്ലാം കേട്ട് വളർന്നവർ. അതേസമയം  2005 ലോ അതിനു ശേഷമോ ഡിജിറ്റൽ കലയിലേക്ക് മാറിയവർ കൂടിയാണ്. അവർക്ക് രണ്ട് ലോകവും നന്നായി അറിയാം. അതാണ് നിങ്ങൾ ഇവിടെ കാണുന്നതും.” പ്രദർശനത്തിന്റെ ക്യൂറേറ്റർ ആയ വിമൽ ചന്ദ്രൻ പറയുന്നു. 

ഇന്ത്യൻ സംസ്കാരം പറഞ്ഞുയ്ക്കുന്ന സ്ത്രീകളെയും അവരുടെ ജീവിതത്തെയും ആധുനികതയുടെ ലോകത്തിലൂടെ കാണിച്ചു തരുന്ന വിദ്യ വിന്നകോട്ടയുടെ മൂന്നു സൃഷ്ടികളും കൃത്യമായ ഫെമിനിസ്ററ്റ് ആശയങ്ങൾ നൽകുന്നതാണ്. റിമ കല്ലിങ്കലും, അജയ് മേനോനും ചേർന്നൊരുക്കിയ നൃത്താവിഷ്കാരമായ നെയ്തൽ, ചേന്ദമംഗലം പഞ്ചായത്തിലെ നെയ്ത്തുകാർക്കുള്ള ആദരവാണ്. നെയ്ത്തിന്റെ ഓരോ ഘട്ടങ്ങളും അത്രമേൽ കൃത്യമായി, ഭംഗിയായി നൃത്ത രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. നാടോടി കഥകളുടെയും, പുരാണങ്ങളുടെയും സമകാലീന ആവിഷ്ക്കരണമാണ് സച്ചിൻ സാംസൺ ഒരുക്കിയ മൂന്നു സൃഷ്ടികളും. ഇത്തരത്തിൽ സങ്കീർണമായ ചിന്തകളെ ഏറ്റവും ലളിതമായ കഥകളായാണ് ഓരോ കലാകാരന്മാരും ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യാവിഷ്കാരത്തിനൊപ്പം ശബ്ദവും കൂടി ചേരുന്നതോടെ കഥകളുടെയും ചിന്തകളുടേയും കുരുക്കിലേക്ക് ഓരോ കാഴ്ചക്കാരനും വീണു പോകുന്നുണ്ട്. 

ഡിജിറ്റൽ കാലത്തെ കലയുടെ പുത്തൻ ഭാഷ നേരിട്ടറിയാം എന്നതിനുപരി വ്യത്യസ്തമായൊരു ആസ്വാദന രീതി കൂടി കാഴ്ചക്കാരന് പ്രദർശനം നൽകുന്നുണ്ട്. ഓരോ സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായ കഥകൾ നിങ്ങൾക്ക് വായിച്ചെടുക്കാം. വരകളും, അനിമേഷനും, സംഗീതവും, നിറങ്ങളും കൂടെ ചേരുമ്പോഴുള്ള ഡിജിറ്റൽ കലകളുടെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാം. അതിനുപരി കൂടുതൽ എൻഎഫ്ടി സാധ്യതകൾ മനസിലാക്കി, അത്തരം കലാപ്രദർശനങ്ങൾക്ക് കൂടെ വേദി ഒരുക്കാം.