Fri. Nov 22nd, 2024

കുണ്ടന്നൂര്‍:

തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയിട്ട് നാളുകളായി. മഴക്കാലമായാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമാണ്. രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ റോഡ് തോട് പരുവത്തിലാണ്. ഇനിയെങ്കിലും ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ് ഇപ്പോൾ.

ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ തിരക്കേറിയ കുണ്ടന്നൂർ ജംഗ്ഷനിലെ ടൈൽ റോഡ് വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ടെെൽ ഇളകി പല നിരപ്പിലായിട്ട് നാളുകളേറെയായെന്നും പരിഹാരമില്ലെന്നും നാട്ടുകാർ പറയുന്നു.

ജംഗ്ഷനിലെ റോഡ് എത്ര തവണ പണിതാലും എല്ലാവർഷവും കുഴിയും വെള്ളക്കെട്ടും സ്ഥിരം സംഭവമാണ്. തൊട്ടടുത്തുകൂടെ വെള്ളം ഒഴുകിപോകാനുള്ള വിസ്തൃതിയുള്ള കാന കടന്നു പോകുന്നുണ്ടെങ്കിലും റോഡിന് ഉയരം കുറഞ്ഞതായതിനാലും വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള
കൃത്യമായിട്ടുള്ള ഡ്രെെനേജ് സംവിധാനം ഇല്ലാത്തതിനാലും വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് പതിവാണ്.

എല്ലാവർഷവും പ്രദേശവാസികളും യാത്രക്കാരും പരാതി ഉന്നയിക്കുന്നതിനാൽ റോഡിലെ ഇളകി പോയ ടെെലുകൾ മാറ്റി പുതിയ ടെെൽ പാകിയാലും വെള്ളം ഒഴുകിപോകില്ല. റോഡ് തകർന്നപ്പോൾ കടുത്ത പ്രതിഷേധമുയർന്നതോടെ ടൈൽപൊളിച്ച് വീണ്ടും പാകുന്ന ജോലികൾ പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

റോഡിന്റെ ശോചനീയാവസ്ഥ മൂലം കാൽനടയാത്രക്കാർക്കും യാത്ര ദുസ്സഹമാണ്. സമീപത്തു കൂടി കടന്നുപോകുന്ന കാനയ്ക്ക് മുകളിൽ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ സ്ളാബുകൾ ഉണ്ടെങ്കിലും പല സ്ലാബുകളും ഇളകി മാറി കിടക്കുന്നതിനാൽ നടത്തവും പേടിസ്വപ്നമാണ്. കാൽനടയാത്രക്കാരുടെ ശ്രദ്ധയൊന്നു പാളിയാൽ കാനയിലേക്ക് പതിക്കും. അഴുക്കുവെള്ളം തെറിച്ച് യാത്രക്കാരുടെ ദേഹത്തുവീഴുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കുണ്ടന്നൂർ ജംഗ്ഷന്‍ റോഡിൽ അഴുക്കുവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാനും മറ്റ് വാഹനങ്ങൾക്ക് ശ്രദ്ധകിട്ടാനും അപകടകരമാംവിധം സ്ഥാപിച്ച കമ്പിയിൽ തുണിചുറ്റി വെച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഇളകിയ ടെെലിൽ തട്ടി അപകടത്തിൽപ്പെടുന്നത് സ്ഥിരമാണെന്നും പലരും ഈ കമ്പിയിൽ ചെന്ന് ഇടിച്ച് പരിക്കേൽക്കാറുണ്ടെന്നും പ്രദേശത്ത് കട നടത്തുന്ന ബാസ്റ്റിൻ പറഞ്ഞു.

കുണ്ടന്നൂർ ജം​ഗ്ഷനിലെ റോഡ് പണി ആരംഭിച്ചപ്പോൾ തന്നെ അപാകതകൾ ഉണ്ടായിരുന്നു. ആരംഭത്തിൽ തന്നെ പ്രഷർ റോളിങ് ഇല്ലാതെ ചെളിയിൽ മെറ്റലും സിമന്റും വെറുതെ ഇടുകയായിരുന്നുവെന്നും ബാസ്റ്റിൻ പറഞ്ഞു. ചരക്ക് വാഹനങ്ങൾ ക‌ടന്നുപോകുമ്പോൾ സമീപത്തു നിൽക്കുമ്പോൾ കുലുക്കം അനുഭവപ്പെടാറുണ്ട്. അത്രക്ക് ബലം ഇല്ലാതെയാണ് റോഡ് പണി പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഡ്രെെനേജ് ശരിയായ രീതിയിൽ അല്ലാത്തതിനാലാണ്. കാന വൃത്തിയാക്കത്തതിനാൽ വെള്ളം ഒഴുകി പോകുന്നില്ല, വൃത്തിയാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ റോഡിൽ ഇരു ചക്രവാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടാറുണ്ട്. ഏറ്റവും ശോചനീയമായ അവസ്ഥയിലാണ് ഈ റോഡ് നിലകൊള്ളുന്നത്.ഇനിയെങ്കിലും അധികാരികൾ ഇതിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബാസറ്റിൻ ആവശ്യപ്പെട്ടു.

നല്ല മഴ പെയ്ത് കഴിഞ്ഞാന്‍ കട മൊത്തം വെള്ളം കയറും. റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കും. ദിവസങ്ങളോളം വെള്ളം കെട്ടികിടക്കുകയും ചെയ്യും. ഇവിടെ ആരും തിരിഞ്ഞ് നോക്കാറില്ലെന്ന് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കട നടത്തുന്ന സുരേന്ദ്രനും പറഞ്ഞു. കാന പോലും ശരിയാക്കാന്‍ അധികാരികള്‍ ഒരുക്കമല്ല. എല്ലാവാര്‍ഷവും ഇത് തന്നെയാണ് സ്ഥിതി. വെള്ളം ഒഴുകിപോകാനുള്ള കാനകളൊന്നും വൃത്തിയാക്കാത്തതാണ്വെ ള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറയുന്നു.

റോഡ് ആണെങ്കില്‍ വളരെ മോശമായി കിടക്കുകയാണ്. പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ എല്ലാ വര്‍ഷവും ഇടയ്ക്കിടക്ക് വന്ന് താറിടും, എന്നാല്‍ മഴവെള്ളത്തില്‍ അത് ഒലിച്ചുപോകുകയും ചെയ്യും. റോഡിലെ കുണ്ടും കുഴിയും കാരണം ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ തെന്നിവീണുള്ള അപകടങ്ങള്‍ ജംഗ്ഷനില്‍ പതിവ് കാഴ്ചയാണെന്ന്  അദ്ദേഹവും പറയുന്നു.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ റോഡ് തകര്‍ച്ച തുടര്‍ക്കഥയാവുകയാണ്. അടിയന്തരമായി പ്രധാന ജംഗ്ഷനിലെയെങ്കിലും റോഡ് ശരിയാക്കണമെന്നാണ് ജനങ്ങൾക്ക് അധികൃതരോട് പറയാനുള്ളത്.

By Binsha Das

Digital Journalist at Woke Malayalam