Sun. Nov 17th, 2024

ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിക്കുന്നു. അക്രമാസക്തമായ പ്രതിഷേധത്തിന്റെ കാരണക്കാരായവർ എന്ന് സംശയിക്കുന്ന ചിലരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിനടുത്ത ദിവസം നമ്മൾ കേൾക്കുന്നത് ഈ അറസ്റ്റ് ചെയ്ത ഒരാളുടെ വീട് പൊളിച്ചെന്നാണ്. നിയമം പാലിക്കാതെ പണിത കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നോട്ടീസ് നല്കിയിരുന്നെന്ന് ഭരണകൂടം പറയുമ്പോഴും, അതിനു മുൻപ് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല എന്നാണ് വീട് നഷ്ടപ്പെട്ട കുടുംബം പ്രതികരിക്കുന്നത്. 

പറഞ്ഞു വരുന്നത് പ്രയാഗ്‌രാജിലെ പ്രതിഷേധവും അതിലെ പ്രധാന ആസൂത്രിതനായി ആരോപിച്ച് പോലീസ് പിടികൂടിയ മുഹമ്മദ് ജാവേദിനെയും കുറിച്ചാണ്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു പ്രയാഗ്‌രാജിൽ ഇസ്ലാമിക മതമൗലികവാദികളുടെ പ്രതിഷേധം നടന്നത്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇതേ തുടർന്നെടുത്ത കേസിൽ ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ പോലീസ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗമായ മുഹമ്മദ് ജാവേദിനെ അറസ്റ്റ് ചെയ്തിരുന്നത്. മറ്റ് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്ക് വെളിവായതെന്നും, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ എത്താൻ അദ്ദേഹം ആഹ്വാനം ചെയ്തതായെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.

അറസ്റ്റിനടുത്ത ദിവസം മുഹമ്മദ് ജാവേദിന്റെ വീട് പൊളിച്ചു നീക്കിയെന്ന വാർത്തയാണ് വന്നത്. 1973ലെ ഉത്തർപ്രദേശ് അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് കെട്ടിടം പണിതതെന്നും, തറയിലും ഒന്നാം നിലയിലും അനുമതി വാങ്ങാതെയാണ് 25 x 60 അടിയുടെ നിർമാണം നടത്തിയതെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് ഈ വർഷം മെയ് 10 ന് ജാവേദിന് നോട്ടീസ് അയച്ചിരുന്നെന്നും, മെയ് 24 വരെ അദ്ദേഹത്തിന് മറുപടി പറയാനുള്ള സമയമുണ്ടായിട്ടും അദ്ദേഹം യാതൊരു തരത്തിലുമുള്ള രേഖകൾ സമർപ്പിക്കുകയോ, ഹാജരാവുകയോ ചെയ്തില്ലെന്നുമാണ് അവർ പറയുന്നത്. 

“2022 മെയ് 25 ന്, പൊളിക്കുന്നതിനുള്ള ഉത്തരവ് പാസായി. 2022 ജൂൺ 9-നകം ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്ന് ഉത്തരവുകൾ നൽകിയെങ്കിലും അത് നിങ്ങൾ ചെയ്തിട്ടില്ല. അതിനാൽ, 2022 ജൂൺ 12-ന് രാവിലെ 11 മണിക്കകം നിങ്ങൾ വീട് ഒഴിയണമെന്നും, തുടർന്ന് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നുമാണ് ശനിയാഴ്ച ജാവേദിന്റെ കുടുംബത്തിന് നൽകിയ PDA നോട്ടീസിൽ പറയുന്നത്.    

പക്ഷേ ജാവേദിന്റെ കുടുംബാംഗങ്ങളും അവരുടെ അഭിഭാഷകനായ റോയിയും ഭരണകൂടത്തിന്റെ ഈ അവകാശവാദങ്ങൾ നിഷേധിക്കുകയാണ്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം, അതായത് വീട് പൊളിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് മാത്രം തങ്ങളുടെ വീട്ടിൽ ഒട്ടിച്ച നോട്ടീസാണ് ആദ്യമായി ഇത് സംബന്ധിച്ച് ലഭിച്ച നോട്ടീസെന്നും,അതിനുമുമ്പ്, വീടിന്റെ നിയമലംഘനത്തെക്കുറിച്ച് ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്നുമാണ് ജാവേദിന്റെ ഇളയ മകൾ സുമയ്യ ഫാത്തിമ പറയുന്നത്. 

ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത് പോലെ മെയ് 10 ന് കുടുംബത്തിന് ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും, നടപടിക്രമം പിന്തുടർന്നുവെന്ന് തെളിയിക്കാനായി പഴയ തീയതികൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഒറ്റരാത്രികൊണ്ട് നോട്ടീസ് തയ്യാറാക്കിയതാണെന്നുമാണ് ജാവേദിന്റെ വക്കീലും പറയുന്നത്. വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് പോലും ഈ കുടുംബങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, ഉദ്യോഗസ്ഥർ അയച്ചെന്ന് പറയുന്ന നോട്ടീസുകൾ എവിടെയാണെന്നും, അത് എന്തുകൊണ്ട് ഈ കുടുംബത്തിലുള്ള ആർക്കും ലഭിച്ചില്ല എന്നതും ചോദ്യം തന്നെയാണ്. വക്കീൽ പറഞ്ഞത് പോലെ ഒറ്റ രാത്രി കൊണ്ട് ഉണ്ടായതാണോ ഇതെല്ലാം?

ഇനി ഉദ്യോഗസ്ഥർ വീട് പൊളിക്കൽ സംബന്ധിച്ച് ശനിയാഴ്ച അയച്ചെന്ന് പറയുന്ന നോട്ടീസ്, അത് ജാവേദിന്റെ പേരിലുള്ളതാണ്. പക്ഷെ വീടിന്റെ യഥാർത്ഥ അവകാശി ജാവേദ് മുഹമ്മദിന്റെ ഭാര്യ പർവീൺ ഫാത്തിമയും. മുസ്ലീം നിയമമനുസരിച്ച് ഭാര്യയുടെ സ്വത്ത് ഭർത്താവിന് അവകാശപ്പെട്ടതല്ല. അതുകൊണ്ട് വീടിന്മേൽ യാതൊരു അവകാശവും ജാവേദിനില്ല. 

“ജാവേദ് മുഹമ്മദിന് ഭൂമിയിലും കെട്ടിടത്തിലും ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ, പോലീസ് വിഭാഗവും വികസന അതോറിറ്റിയും ജില്ലാ ഭരണകൂടവും ആ വീട് പൊളിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും ജാവേദ് മുഹമ്മദിന്റെ ഭാര്യയോടും മക്കളോടും കാണിക്കുന്ന കടുത്ത അനീതിയുമാണെന്ന് അഭിഭാഷകരും പറയുന്നുണ്ട്. ഈ വിഷയങ്ങൾ കാണിച്ച്, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന് സമർപ്പിച്ച ഹർജിയിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 കൊല്ലമായി എല്ലാ നികുതിയും നൽകി കഴിയുന്ന വീടാണ് ഒരു രാത്രി കൊണ്ട് നിയമം ലംഘിച്ച് നിർമ്മിച്ചതാണെന്നും പൊളിച്ചു നീക്കണമെന്നും പറഞ്ഞതെന്നോർക്കണം.  

അതേ സമയം, ഞായറാഴ്ച, ജാവേദിന്റെ വസതിയിൽ പകൽ സമയത്ത് നടത്തിയ പരിശോധനയിൽ നാടൻ നിർമ്മിത പിസ്റ്റളുകൾ കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്ന് രണ്ട് രാജ്യ നിർമ്മിത പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും ആക്ഷേപകരമായ പരാമർശങ്ങളുള്ള രേഖകളും പോസ്റ്ററുകളും കണ്ടെടുത്തെന്നും, ഇവയെല്ലാം  പരിശോധിച്ചുവരികയാണെന്നും, ഇതെല്ലം കേസ് അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നുമാണ്, ”എസ്എസ്പി അജയ് കുമാർ അവകാശപ്പെടുന്നത്. 

“ടിവിയിൽ തങ്ങളുടെ വീട് പൊളിക്കുന്നത് കാണുന്നുണ്ടായിന്നു. അതിൽ വീട്ടിൽ നിന്നും ഞങ്ങളുടെ മാർക്ക് ഷീറ്റുകളും, പുസ്തകങ്ങളും മാത്രമാണ് കണ്ടത്. പക്ഷെ വൈകുന്നേരമായപ്പോൾ, വേറെ പലതും കണ്ടെത്തിയെന്ന്  പറയാൻ തുടങ്ങി. ഞങ്ങളെ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.” ജാവേദിന്റെ മകൾ സുമയ്യ പറയുന്നു.

ജാവേദിന്റെ മൂത്തമകളും ഫ്രറ്റേർണിറ്റി മൂവേമെന്റ് നാഷണൽ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയെയും കേസിന്റെ ഭാഗമാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ഇതുവരെയും യുവതിക്കെതിരെ ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല.

ഇതോടൊപ്പം വെള്ളിയാഴ്ച അക്രമം നടത്തിയ രണ്ട് പ്രതികളുടെ വസതികൾ  “അനധികൃത നിർമ്മാണം” ആരോപിച്ച് സഹാറൻപൂർ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പൊളിച്ചതിനു പിന്നാലെയാണ് പ്രയാഗ് രാജിലെ ഈ നടപടിയെന്നതും ഇവിടെ ശ്രദ്ധേയമാണ്. 

രാമനവമി ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുണ്ടായ കലാപത്തിൽ ഇരു കൈകളും ഇല്ലാത്ത ആളെ കല്ലെറിഞ്ഞവരുടെ ലിസ്റ്റിൽ പെടുത്തി അയാളുടെ കട പൊളിച്ച പോലെ, ജാവേദിന്റെ വിഷയത്തിൽ നോട്ടീസ് മുൻകൂട്ടി നൽകിയെന്ന് പറയുന്നതും, നിയമലംഘനത്തിന്റെ പേരിൽ മാത്രമാണ് വീട് പൊളിച്ചതെന്നും നമ്മളും വിശ്വസിക്കേണ്ടി വരും. സത്യമേതെന്ന് നോക്കാതെ പ്രതികരിക്കുന്നവരെ നിയമത്തിന്റെ പേരിൽ നിശ്ബ്ദരാകുന്നത്, അടിച്ചമർത്തുന്നത്, ഒന്നും ആദ്യമല്ല…..പക്ഷെ ഒരിക്കലും അവിടെ പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ ഇല്ലാതായിട്ടുമില്ല.