വെെറ്റില:
വെെറ്റിലയിലെ ഗതാഗതക്കുരുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ ഈ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിൻ്റെ പെെപ്പുകളും അതോടൊപ്പം തൃപ്പൂണിത്തുറ – വെെറ്റിലെ റോഡിൽ ജല അതോറിറ്റിയുടെ പെെപ്പ് ഇടാനായി കുത്തിപ്പൊളിച്ചിട്ട് പഴയപടി ആക്കാത്ത റോഡുമാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ തെന്നിവീണുള്ള അപകടങ്ങൾ ഇവിടെ പതിവ് കാഴ്ചയാകുകയാണ്.
ഒഇഎൻ കമ്പനിയുടെ അടുത്തു മുതൽ വൈറ്റില വരെയാണ് റോഡിന്റെ ഇടതുഭാഗം പൊളിച്ചത്. ജല അതോറിറ്റിയുടെ പണികഴിഞ്ഞ് റോഡ് തിടുക്കത്തിൽ മൂടിയതല്ലാതെ ഇതുവരെ പഴയരീതിയിലാക്കിയില്ല. ഇളകിയ സിമന്റ് കട്ടകളും കുഴികളുമൊക്കെയാണ് റോഡിന്‍റെ ഒരുഭാഗം. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ തെന്നിവീണുള്ള അപകടങ്ങളും പതിവാകുന്നതോടൊപ്പം വലിയ വണ്ടികൾ കടന്നുപോകുമ്പോൾ കല്ലുകൾ തെറിച്ച് കടയുടെയും സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെയും ഒക്കെ ചില്ലു പൊട്ടുന്നതും ഇവിടെ പതിവാണ്.
വെെറ്റില ഹബ്ബിലേക്ക് പോകുന്ന വഴിയിൽ സിഎൻജി കണക്ഷന് വേണ്ടി റോഡിനടിയിൽ സ്ഥാപിക്കാൻ ഉള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിൻ്റെ പെെപ്പുകളാണ് വെെറ്റില ഹബ്ബിലേക്ക് പോകുന്ന റോഡിൻ്റെ പകുതിയും കയ്യേറി ഇട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി പദ്ധതിക്കായി ഈ പെെപ്പുകൾ ഇവിടെ കിടക്കുകയാണ്. പണി പൂർത്തിയാക്കാനോ റോഡ് പഴയപടി ആക്കാനോ ആരും തയ്യാറായിട്ടില്ല.
കോർപ്പറേഷനിൽ കെട്ടിവെക്കാനുള്ള പണവുമായി ബന്ധപ്പെട്ട കോർപ്പറേഷനുമായുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ എത്രയും പെട്ടെന്ന് ബാക്കി അടക്കാൻ ബാക്കിയുള്ള രണ്ട് കോടിയോളം രൂപ അടച്ച് പണി പൂർത്തിയാക്കുമെന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിൻ്റെ വാക്ക് പാഴ്വാക്കാകുകയാണ്.
ജല അതോറിറ്റിയുടെ പണി നടക്കുമ്പോൾ വൈറ്റില ജങ്ഷനടുത്തുള്ള കാനയും മൂടിയതോടെ മഴപെയ്താൽ ഇവിടമാകെ വെള്ളക്കെട്ടാണ്. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ കാൽനടക്കാർക്കും നടത്തം ദുസ്സഹമാകും. പോരാത്തതിന് വൈറ്റില ഹബ്ബിൽ നിന്ന് ബസുകൾ പുറത്തേക്ക് വരുന്നതും ഇവിടേക്കുതന്നെയാണ്. വെെറ്റില- തൃപ്പൂണിത്തുറ റോഡിലെ ശിവക്ഷേത്രത്തിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സുകൾ നിർത്താതായതോടെ കാൽനടക്കാർക്കും ഇത് കൂനിൻമേൽ കുരുവെന്ന് പറഞ്ഞ പോലെയാണ്.
റോഡ് ഇങ്ങനെ മോശം സ്ഥിതിയിലായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകളിൽ തട്ടി കല്ലുകൾ തെറിച്ച് വരാറുണ്ടെന്നും ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി കുഴിയിൽ തെന്നിവീണ് അപകടം ഉണ്ടാകുന്ന കാഴ്ച ഞങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണെന്നും വെെറ്റില തൃപ്പൂണിത്തുറ റോഡിലെ ശിവക്ഷേത്രത്തിനടുത്തുള്ള സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശിവദാസ് പറഞ്ഞു. എത്രയും പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് നന്നാക്കിയാൽ ഒരു ജീവഹാനി സംഭവിക്കാതെ ഒഴിവാക്കിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പെെപ്പിടാനെന്ന് പറഞ്ഞ് വാട്ടർ അതോറിറ്റി ഈ റോഡ് കുത്തിപ്പൊളിച്ചിട്ടിട്ട് മൂന്ന് മാസത്തോളമായി. ഈ റോഡിൽ വെള്ളക്കെട്ട് പൊതുവെ ഉണ്ടാകാറുണ്ട്. ആ വെള്ളക്കെട്ട് ഉള്ള സമയത്ത് തന്നെയാണ് ഈ റോഡ് കുത്തിപ്പൊളിച്ചിട്ടത്. മാത്രവുമല്ല ഗതാഗതക്കുരുക്ക് എന്ന് പറഞ്ഞ് ശിവക്ഷേത്രത്തിന് മുൻവശം സ്റ്റോപ് അനുവദിക്കാതെ ബസ് പല ഭാഗത്ത് തിരിച്ചു വിട്ട് ഒരു പരിഷ്കാരം നടത്തി. അതിന് ശേഷമാണ് ഇവിടെ റോഡ് കൂടി പൊളിച്ചിട്ടത്. തുടർന്നാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾ വന്നതെന്ന് ഓട്ടോഡ്രെെവറായ സജീവൻ പറഞ്ഞു.
ആൾക്കാർക്ക് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ, ആരോടാണ് ജനങ്ങൾ പരാതി പറയേണ്ടത്. ഇവിടെ വരുന്നവരെല്ലാം ഇവിടെയുള്ള പുറത്ത് നിന്ന് വന്നവരാണ്. അതുകൊണ്ട് ഇവർ ആരോടാണ് പറയേണ്ടത്. അതുകൊണ്ട് ഈ ബുദ്ധിമുട്ടുകളൊന്നും അധികാരികൾ അറിയുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതേ ഉള്ളു, തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പണി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പ്രതീക്ഷ വെറുതെയായി. പുതിയ ഭരണം വന്നെങ്കിലും ഇനിയും ഉറപ്പില്ല. എംഎൽഎ വേറെ, കോർപറേഷനും, വാർഡും ഭരിക്കുന്നത് വെവ്വേറെ മുന്നണികളിലുള്ളവരായതിനാൽ ഇവർ പരസ്പരം ഒരു ശത്രുതാ മനോഭാവം വച്ചുപുലർത്തും. അതൊക്കെ അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം പറയുന്നു.
വെെറ്റിലയിൽ പാലം പണിയുമ്പോൾ ചില ബുദ്ധിമുട്ടുണ്ടായാലും പാലം വന്ന് കഴിഞ്ഞാൽ എല്ലാ ബുദ്ധിമുട്ടും മാറും എല്ലാം ശരിയാകുമെന്നുമാണു് അധികാരികൾ പറഞ്ഞത്. പക്ഷേ ബസ് തിരിച്ചുവിട്ട് പഴയതിലും ബുദ്ധിമുട്ടായിരിക്കുകയാണ്. പാലം വന്നിട്ടും ഒന്നും ശരിയായില്ല. എത്രയും വേഗം റോഡ് പണി പൂർത്തിയാക്കുക. ബെെക്ക് യാത്രികരാണ് ഏറ്റവും കൂടുതൽ ഇവിടെ അപകടത്തിൽപ്പെടുന്നത്. യു ടേൺ എടുത്ത് വരുന്നവരെല്ലാം കുഴിയിലെ കല്ലിൽ തട്ടി വീഴുകയാണ്. എത്രയോപേരാണ് ഞങ്ങളുടെ മുന്നിൽ അപകടത്തിൽപ്പെടുന്നത്. ആൾക്കാര് മറിഞ്ഞ് വീഴുമ്പോൾ ഞങ്ങളാണ് ഓടിച്ചെല്ലുന്നതെന്നും പൊലീസുകാര്‍ ഇവിടെ ഉണ്ടാകാറില്ലെന്നും സജീവന്‍ പറയുന്നു.
കച്ചവടം ഒന്നും ഇല്ലെന്നും ഗതാഗതക്കുരുക്ക് ആയതിനാൽ ആരും വണ്ടിനിർത്തി കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി വരുന്നില്ലെന്നും കടക്കാരനായ വിനു പറഞ്ഞു. ഒരു കടക്കാരൻ കച്ചവടം ഇല്ലാതെ ഒരു ഷട്ടർ അടച്ചെന്നും കട അടച്ചുപൂട്ടേണ്ട ഗതികേടാണെന്നും വിനു പറയുന്നു.
തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ പാലം പണിയാനായി എടുത്ത കുഴിയിൽ വീണ് ബെെക്ക് യാത്രികൻ മരണപ്പെട്ടത് ഈ അടുത്താണ്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ് മാസമായിട്ടും പാലം പണി പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ആയിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്. തൃപ്പൂണിത്തുറയിലെപ്പോലെ ഒരു മരണം നടക്കാൻ കാത്തിരിക്കാതെ ഇനിയെങ്കിലും വൈറ്റിലയിലെ തകർന്ന റോഡ് ശരിയാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.