Fri. Nov 22nd, 2024

കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ  വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന കുരങ്ങുപനി, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കടക്കം വ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലുമായി 100-ലധികം പുതിയ കേസുകളാണ് സ്ഥിതീകരിച്ചിരിക്കുന്നത്. 

വൈറൽ അണുബാധയായ കുരങ്ങുപനി, വരും മാസങ്ങളിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് മെയ് 20 ന് ഒരു ഉയർന്ന യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. വേനൽക്കാലം തുടങ്ങാനിരിക്കെ, ആളുകൾ കൂടുന്ന സമ്മേളനങ്ങളും ഉത്സവങ്ങളും പാർട്ടികളും രോഗസംക്രമണം വർധിപ്പിക്കാൻ ഇടയാക്കുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗും അഭിപ്രായപ്പെട്ടിരുന്നു. 

കുരങ്ങുപനിയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന മെയ് 20 ന് ഒരു അടിയന്തര യോഗം ചേർന്നിരുന്നു. ആഗോള ആരോഗ്യ ഭീഷണി ഉയർത്തിയേക്കാവുന്ന അണുബാധ അപകടസാധ്യതകളെക്കുറിച്ച് ഉപദേശിക്കുന്ന സ്ട്രാറ്റജിക് ആൻഡ് ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇന്ഫെഷ്യൻസ് ഹസാർഡ്സ് വിത്ത് പാൻഡെമിക് ആൻഡ് എപിഡെമിക് പൊട്ടൻഷ്യൽ  സംഘമായിരുന്നു പ്രശ്നം ചർച്ച ചെയ്തത്. മെയ് 21 വരെ, ലബോറട്ടറിയിൽ സ്ഥിരീകരിച്ച 92 കുരങ്ങുപനി കേസുകളും രോഗം സ്ഥിരീകരിക്കാത്ത 12 രാജ്യങ്ങളിൽ നിന്ന് 28 സംശയാസ്പദമായ കേസുകളും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇനിയും കൂടുതൽ കുരങ്ങുപനി കേസുകൾ വർധിക്കുമെന്നാണ് WHO വിലയിരുത്തുന്നത്.

മെയ് 20 ന് പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഇസ്രായേൽ, സ്പെയിൻ, പോർച്ചുഗൽ, സ്വീഡൻ, ഫ്രാൻസ്, ബെൽജിയം, ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് അടുത്തിടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇത്തരം രാജ്യങ്ങളിൽ പുതിയ കേസുകൾ സ്ഥിതീകരിക്കുന്നത് അസാധാരണമാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസഷന്റെ പ്രസ്താവന. ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചിരുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

എലി, കുരങ്ങ് തുടങ്ങിയ രോഗബാധിതരായ മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം മൂലമാണ് സാധാരണയായി കുരങ്ങുപനി പകരുന്നത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, “കുരങ്ങുപനി ബാധിച്ച ഒരു വ്യക്തിയുടെ ശരീര സ്രവങ്ങൾ, വ്രണങ്ങൾ എന്നിവയിലൂടെയോ, അല്ലെങ്കിൽ സ്രവങ്ങൾ അടങ്ങിയ വസ്ത്രങ്ങളും കിടക്കകളും പോലുള്ള രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള  സമ്പർക്കം വഴിയോ ആരിലേക്ക് വേണമെങ്കിലും കുരങ്ങുപനി പകരാം.” അതുകൊണ്ട് തന്നെ, അസുഖമുള്ളവരുമായി ആളുകൾ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശം. കുരങ്ങുപനി ഉണ്ടെന്ന് സംശയിക്കുന്നവർ സ്വയം ഐസൊലേറ്റ് ചെയ്ത്, ചികിത്സാ തേടുകയാണ് വേണ്ടത്.

പനി, പേശി വേദന, വീർത്ത ലിംഫ് നോഡുകൾ എന്നിവയാണ് സാധാരണയായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കൈകളിലും മുഖത്തും ചിക്കൻപോക്‌സ് പോലെയുള്ള ചുണങ്ങുകളും രോഗികളിൽ സാധാരണയായി കാണപ്പെടാറുണ്ട്. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ കുരങ്ങുപനി മാരകമായിട്ടുള്ളൂ. സാധാരണയായി രണ്ടോ നാലോ ആഴ്ചകൾക്ക് ശേഷം ലക്ഷണങ്ങൾ ഇല്ലാതാകും. നിലവിൽ കുരങ്ങുപനിക്ക് ചികിത്സയില്ല. എന്നാൽ വസൂരിക്കുള്ള ആൻറിവൈറൽ മരുന്നുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ കുരങ്ങുപനിയെ ചികിത്സിക്കുന്നതിനും ഉപയോഗിക്കാമെന്ന് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ വക്താവ് പ്രസ്താവനയിൽ പറയുന്നുണ്ട്. അതെ സമയം, ഉപരിതലത്തിലുള്ള വൈറസിനെ നശിപ്പിക്കാൻ ഗാർഹിക അണുനാശിനികൾക്ക് കഴിയുമെന്നാണ് യുഎസ് ഹെൽത്ത് ബോഡി പറയുന്നത്. 

മൂന്ന് വർഷം മുമ്പ് കുരങ്ങുപനി രോഗത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതായി സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2019 ൽ, വിദഗ്ധർ ലണ്ടനിൽ ഒരു സെമിനാറിൽ പങ്കെടുക്കുകയും “പുതിയ തലമുറ വാക്സിനുകളും ചികിത്സകളും” വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതിനും ശേഷം ലോക ജനസംഖ്യയുടെ 70% ആളുകളും വസൂരിയിൽ നിന്ന് രക്ഷനേടുന്നില്ലെന്നായിരുന്നു വിദഗ്ധർ സെമിനാറിൽ പറഞ്ഞത്. ഇത് അർത്ഥമാക്കുന്നത് ഒരു വിഭാഗം ആളുകൾ ഈ വൈറസ് ഫാമിലിയിലെ മറ്റു രോഗങ്ങളിൽ നിന്നും രക്ഷനേടിയിട്ടില്ല എന്നാണ്. സെമിനാറിലെ  റിപ്പോർട്ട് പ്രകാരം, 2003, 2018, 2019 വർഷങ്ങളിൽ കുരങ്ങുപനി പടർന്നുപിടിച്ചതായി കാണിച്ച ശാസ്ത്രജ്ഞർ, അപൂർവ കുരങ്ങുപനി രോഗം വീണ്ടും പടരുമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. 

വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മുംബൈയിൽ മുന്കരുതലിന്റെ ഭാഗമായി ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിക്കുന്നുണ്ട്. ഇതുവരെ രോഗം സ്ഥിതീകരിക്കുകയോ, സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. എന്ത് തന്നെയായാലും നമ്മളും മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്. എപ്പോഴെത്തെയും പോലെ ജാഗ്രത തുടരുക.