Tue. Nov 5th, 2024

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള  നിർദേശങ്ങൾ നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കുമെന്നും, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

മുൻപ് നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട്, എറണാകുളം ജില്ലകൾക്ക് പുറമെ മറ്റ് ജില്ലകൾ ശ്രദ്ധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.   

നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരേയും അനുബന്ധ പ്രവര്‍ത്തകരേയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് മെയ് 12ന് ഒരു ശില്‍പശാല സംഘടിപ്പിക്കുന്നുണ്ട്. ‘നിപ അനുഭവവും പഠനവും’ എന്ന വിഷയത്തിൽ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിൽ വെച്ച് നടക്കുന്ന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായ ശില്പശാലയിൽ, എല്ലാ ജില്ലയില്‍ നിന്നുമുള്ള ആരോഗ്യ, വനം, മൃഗ സംരക്ഷണം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.