Fri. Nov 22nd, 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ചോദിച്ച് ഹൈക്കോടതി. ഈ മാസം 19ന് ഡിജിപി ഇതിന് മറുപടി പറയണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്നും, സംസ്ഥാന പോലീസ് മേധാവിയോട് ഈ മാസം 19ന് അതിനുള്ള മറുപടി നൽകണമെന്നുമാണ് നിർദേശം. 

നടിയെ ആക്രമിച്ച കേസിൽ തുടരാന്വേഷണം നടക്കുന്നതിനിടെ  ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേസിന്റെ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയമിച്ചു കൊണ്ട് ഡിജിപി പുറത്തിറക്കിയ ഉത്തരവിൽ എസ് ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു കേസിന്റെ അന്വേഷണ മേൽനോട്ടം ഏൽപ്പിച്ചത്.

ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ് ശ്രീജിത്തിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചിരുന്നതെന്നും, പക്ഷെ അദ്ദേഹം ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി അല്ല എന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ നൽകിയ മറുപടി. എന്നാൽ ഈ മറുപടിയിൽ കോടതി തൃപ്തരാവാതെ വന്നതോടെയാണ് സംസ്ഥാന പോലീസ് മേധാവിയോട് തന്നെ വിശദീകരണം ആവശ്യപ്പെട്ടത്.