പറവൂർ:
അഗ്നിരക്ഷ സേന നിലയത്തിന് അനുവദിച്ച രണ്ട് സ്പീഡ് ബോട്ടുകളായ ജലരക്ഷക് നീറ്റിലിറക്കി. ഞായറാഴ്ച രാവിലെ തട്ടുകടവ് ഫെറിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വാങ്ങിയ 14 സ്പീഡ് ബോട്ടുകളിൽ രണ്ടെണ്ണമാണ് പറവൂരിന് അനുവദിച്ചത്.
ജലരക്ഷക് 10, 12 എന്ന നമ്പറിലുള്ളതാണിത്. 40 എച്ച്പി എൻജിൻ ഘടിപ്പിച്ച ബോട്ടിൽ എട്ട് സേനാംഗങ്ങൾക്ക് യാത്ര ചെയ്യാം. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സേർച് ലൈറ്റുകൾ, റോപ്പുകൾ, ലൈഫ് ബോയകൾ, ലൈഫ് ജാക്കറ്റുകൾ, വാട്ടർ ഡ്രെയിൻ പമ്പ് എന്നിവ ഓരോ ബോട്ടിലും സജ്ജീകരിച്ചിട്ടുണ്ട്. പുഴകളിലും കായലുകളിലും ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പറവൂർ നിലയത്തിന് ഇതുമൂലം സാധിക്കും.
നഗരസഭ ചെയർപേഴ്സൻ വിഎ പ്രഭാവതി അധ്യക്ഷത വഹിച്ചു. കൗൺസിലർ വിഎസ് സജിത, റീജനൽ ഫയർ ഓഫിസർ കെകെ ഷിജു, പറവൂർ ഫയർ സ്റ്റേഷൻ ഓഫിസർ വി ജി റോയ്, അസി സ്റ്റേഷൻ ഓഫിസർ ബൈജു പണിക്കർ എന്നിവർ സംസാരിച്ചു. പുഴയിൽ വീണയാളെ സാഹസികമായി രക്ഷിച്ച പെരുമ്പടന്ന സ്വദേശി സുഭാഷിനെ ചടങ്ങിൽ ആദരിച്ചു.