Wed. Jan 15th, 2025

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം.

താന്‍ നായകനാവുന്ന പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. എന്നാല്‍ തിയറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ചും ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. അമല്‍ നീരദും മമ്മൂട്ടിയും ഒത്തുചേര്‍ന്ന ആദ്യ ചിത്രം ബിഗ് ബിയില്‍ താന്‍ അവതരിപ്പിച്ച ബിലാലില്‍ നിന്നും മൈക്കിളിനെ വ്യത്യസ്തനാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി പറഞ്ഞു.