Thu. Nov 21st, 2024

ഒ ടി ടിയില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതോടെ സിനിമ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ കാണും. പക്ഷേ ആ കാഴ്ചക്കാരില്‍ സാധാരണക്കാരുണ്ടാവില്ല. സിനിമാ തിയറ്റര്‍ നമ്മുടെ ഒരു സംസ്കാരമാണ്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരക്കാരില്‍ സാധാരണക്കാരായവരാണ് തിയറ്ററില്‍ സിനിമ കാണുന്നത്.

അവര്‍ക്ക് സിനിമ കാണുക മാത്രമല്ല ആവശ്യം കുടുംബവുമൊത്ത് തിയറ്ററില്‍ പോകുക, തിയേറ്ററിലെ ഉന്തും തള്ളും, തിരക്ക്,ടിക്കറ്റ് കിട്ടുമോ എന്ന ആകാംക്ഷ ,ഇടവേളക്ക് പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുക അങ്ങനെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സാധാരണക്കാര്‍ക്ക് അവിടെ കിട്ടുന്നുണ്ട്. അതെല്ലാം അവര്‍ ശരിക്കും ആസ്വദിക്കുകയാണ്. അത്തരം സാധ്യതകള്‍ ഒന്നും ഒ ടി ടിയില്‍ ഇല്ല.