ചെറുവത്തൂർ:
സംസ്ഥാനത്തെ ജയിലുകളിൽ എത്തുന്ന യുവാക്കളായ കുറ്റവാളികളുടെ എണ്ണം കൂടുന്നതിനാൽ യുവാക്കൾക്കായി പ്രത്യേക ജയിൽ ഒരുക്കാൻ വകുപ്പ് നടപടി തുടങ്ങി. ഇടുക്കിയിലെ വാഗമണ്ണിലോ കോട്ടയം ജില്ലയിലെ മണിമലയിലോ ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്. യുവാക്കളായ തടവുകാരെ ‘ഹരിത കർമ സേനയിൽ’ ചേർത്ത് നേർവഴിക്കു നടത്തുക എന്നതാണ് പുതിയ ജയിൽ നിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
21 വയസ്സ് മുതൽ 38 വരെ പ്രായമുള്ള യുവാക്കളുടെ വലിയ നിര തന്നെ സംസ്ഥാനത്തെ വിവിധ ജയിലുകളിലുണ്ടെന്നാണ് ജയിൽ വകുപ്പിന്റെ കണക്ക്. നേരത്തെ തടവുകാരായ ചെറു പ്രായക്കാരെ പാർപ്പിക്കുന്നതിന് ബോസ്റ്റൽ സ്കൂൾ ജയിൽ വകുപ്പിന്റെ കീഴിൽ എറണാകുളത്തുണ്ടെങ്കിലും 1963ലെ ജയിൽ നിയമ പ്രകാരമാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിനു കാലാനുസൃതമായ മാറ്റം വരുത്തും.
റവന്യു വകുപ്പിന്റെ കയ്യിലുള്ള ഭൂമിയാണ് വാഗമണ്ണിലുള്ളത്. ഈ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചു സർവേ തുടങ്ങി. ഈ സ്ഥലം വിട്ടു കിട്ടിയാൽ തുറന്ന ജയിലായിരിക്കും ഇവിടെ സ്ഥാപിക്കുക. റബർ ബോർഡിന്റെ കീഴിലുള്ള സ്ഥലമാണ് മണിമലയിലുള്ളത്.