Wed. Jan 22nd, 2025
റാന്നി:

പുളിമുക്ക് തോട്ടിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം അങ്ങാടി ജല വിതരണ പദ്ധതിയുടെ കിണറ്റിലെത്തുന്നു. ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിലെ കിണറിനോടു ചേർന്ന് പാട പോലെ മലിനജലം കെട്ടി നിൽക്കുന്നതു കാണാം. പമ്പാനദിയിലെ പുളിമുക്ക് കടവിലാണ് ജല വിതരണ പദ്ധതിക്കായി കിണറും പമ്പ് ഹൗസും പണിതിട്ടുള്ളത്.

ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് മേനാംതോട്ടം പ്രധാന സംഭരണിയിലെത്തിക്കും. അവിടെ നിന്നും പറക്കുളം, കരിങ്കുറ്റി, ഈട്ടിച്ചുവട്, ഏഴോലി, മാളിയേക്കൽപടി, കരിങ്കുറ്റി തടം, മണ്ണാരത്തറ എന്നീ സംഭരണികളിലെത്തിച്ചാണ് വിതരണം. 1970ൽ 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.

1979ൽ പദ്ധതി പൂർത്തിയായപ്പോൾ ചെലവ് കോടിയിലധികം രൂപയായി ഉയർന്നിരുന്നു. പുളിമുക്ക് കടവിൽ പണിതിരുന്ന ഗാലറിയിൽ നിന്നാണ് കിണറ്റിൽ വെള്ളം എത്തിച്ചിരുന്നത്. അതിനു നാശം നേരിട്ടപ്പോൾ ഉപാസനക്കടവിൽ മറ്റൊരു ഗാലറി പണിതിരുന്നു. അതും തകർന്നു. ഇപ്പോൾ ആറ്റിൽ നിന്ന് നേരിട്ട് പൈപ്പിലൂടെയാണ് കിണറ്റിൽ വെള്ളം എത്തിക്കുന്നത്.

ആറ്റിൽ ജലവിതാനം ഉയരുമ്പോൾ വെള്ളം കിണറ്റിൽ എത്താനായി കോൺക്രീറ്റ് പൊട്ടിച്ച് ദ്വാരവും ഇട്ടിട്ടുണ്ട്. ആറ്റിലൂടെ ഒഴുകിയെത്തുന്ന മലിനജലം അടക്കമാണ് കിണറിനുള്ളിൽ എത്തുന്നത്. ഇതാണ് പമ്പിങ് നടത്തി വിതരണം ചെയ്യുന്നത്.

പുളിമുക്ക് തോട്ടിൽ തള്ളുന്ന മാലിന്യത്തിന്റെ അവശിഷ്ടങ്ങളെല്ലാം ഇതുവഴി കിണറ്റിലെത്തുന്നു. ബ്ലീച്ചിങ് പൗഡർ ഇട്ടാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ബ്ലീച്ചിങ് പൗഡർ കൂടുതൽ‌ ഉപയോഗിക്കാത്തതിനാൽ മലനിജലമാണ് വീടുകളിലെത്തുന്നത്. ഇത് ജലജന്യ രോഗങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.