Wed. Jan 22nd, 2025
കാഞ്ഞങ്ങാട്:

ആയിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ വൻ മാലിന്യ കൂമ്പാരം കരക്കടിപ്പിച്ച് മത്സ്യത്തൊഴിലാളികൾ. കാഞ്ഞങ്ങാട് കടപ്പുറത്തെ പച്ച കുറുംബ വള്ളക്കാരാണു വൻ പ്ലാസ്റ്റിക് മാലിന്യം കരക്കെത്തിച്ചത്. കടലിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണു വലിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്.

അരികിലെത്തി നോക്കിയപ്പോഴാണ് വൻ പ്ലാസ്റ്റിക് കൂമ്പാരമാണെന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ വലക്കണ്ണികൾ മുതൽ പ്ലാസ്റ്റിക് തൊട്ടി വരെ ഇതിൽ ഉണ്ടായിരുന്നുവെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ട് ആയതിനാൽ വലിച്ചാണ് മാലിന്യം ഇവർ കരക്കെത്തിച്ചത്.

അനധികൃതമായി മീൻ പിടിക്കാൻ കടലിൽ തള്ളുന്ന വലയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണു ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നത്. നിരോധിത രീതിയിലുള്ള മീൻപിടിത്തം കാരണം മത്തി അടക്കമുള്ള മീനുകൾ കടലിൽ കാണാൻ പോലുമില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകളാണ് ഇത്തരത്തിൽ അനധികൃതമായി മീൻ പിടിക്കുന്നത്.

കടലിൽ കൃതിമ കുന്ന് സൃഷ്ടിച്ചാണ് ഇവരുടെ മീൻ പിടിത്തം. ഇതിനായി വലിയ വലയിൽ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉപയോഗിച്ച് കടലിൽ വലിയ കുന്ന് ഉണ്ടാക്കും. ഇതിനു കീഴിലെ തണൽ തേടി വരുന്ന മത്സ്യങ്ങളെ ഒന്നൊഴിയാതെ ഇവർ പിടികൂടും.

ഇതിനു ശേഷം ഈ പ്ലാസ്റ്റിക് കുന്നുകൾ കടലിൽ തന്നെ ഉപേക്ഷിച്ചു മടങ്ങുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു കടലിൽ തള്ളുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭീകരമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.