Mon. Dec 23rd, 2024

കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണത്തിനും വിഷ്ണു സോളങ്കിയെന്ന ബറോഡ ബാറ്ററെ തളർത്താനായില്ല. പിറന്നുവീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയ പിഞ്ചുമകളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ കളത്തിൽ തിരിച്ചെത്തിയ വിഷ്ണു സോളങ്കിക്ക്, ചണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സെഞ്ചുറിത്തിളക്കം. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചണ്ഡിഗഡിനെതിരെ സെഞ്ചുറിയുമായി സോളങ്കി അസാമാന്യ കരുത്തു കാട്ടിയത്.

ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബറോഡയ്ക്കായി, അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനെത്തിയാണ് സോളങ്കി സെഞ്ചുറി നേടിയത്. 165 പന്തുകൾ നേരിട്ട സോളങ്കി 12 ഫോറുകളോടെ അകമ്പടിയോടെ നേടിയത് 104 റൺസ്. ഏതാനും ദിവസം മുൻപ് മരണത്തിനു കീഴടങ്ങിയ പിഞ്ചുമകൾക്ക്, ഹൃദയം തകർന്ന് ഒരു അച്ഛന്റെ സ്മരണാഞ്ജലി! സോളങ്കിയുടെ സെഞ്ചുറിക്കരുത്തിൽ 132.2 ഓവറിൽ 517 റൺസെടുത്ത ബറോഡ, 349 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡും നേടി.