Mon. Dec 23rd, 2024

അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തുടരാനാണ് തനിക്കാഗ്രഹം എന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍റര്‍ യെനസ് സിപ്പോവിച്ച്. കൊച്ചിയിലെത്തിയ ആദ്യ ദിനം മുതൽ വലിയ ഊർജമാണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് സിപോവിച്ച് പറഞ്ഞു.

“ഇപ്പോൾ കൂടുമാറ്റങ്ങളെക്കുറിച്ചൊന്നും ആലോചനയില്ല. ടൂർണമെന്റിലാണ് എന്‍റെ മുഴുവൻ ശ്രദ്ധയും. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കൊച്ചിയിൽ എത്തിയ ആദ്യ ദിവസം മുതൽ വലിയ ഊർജ്ജമാണ് എനിക്ക് അനുഭവിക്കാൻ കഴിയുന്നത്”- സിപോവിച്ച് പറഞ്ഞു.

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണെന്നും എല്ലാ മത്സരങ്ങളും ജയിക്കാൻ കഠിന പ്രയത്‌നം ചെയ്യുമെന്നും സിപോവിച്ച് കൂട്ടിച്ചേർത്തു. “ടീമിന്റെ സ്ഥിരതക്ക് വലിയ പ്രാധാന്യമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒത്തിണക്കമുള്ളൊരു ടീമായി മാറിയത്. ഇത്തവണ കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ട്”- സിപോവിച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് മികച്ചൊരു പരിശീലകനാണെന്നും കളിക്കാരെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും സിപോവിച്ച് അഭിപ്രായപ്പെട്ടു.
ആരാധകരെ ആകർഷിക്കുന്ന താരങ്ങളെയല്ല മറിച്ച് പോസിറ്റീവ് ഇംപാക്റ്റുകൾ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളേയാണ് ഇക്കുറി മാനേജ്‌മെന്‍റ് ടീമിലെത്തിച്ചതെന്നും ഒത്തിണക്കമുള്ള ഒരു ടീമിനെ പെട്ടെന്ന് തന്നെ ഒരുക്കിയെടുക്കാന്‍ അത് കാരണമായെന്നും സിപോവിച്ച് കൂട്ടിച്ചേര്‍ത്തു.