Mon. Dec 23rd, 2024
പത്തനംതിട്ട:

മാലിന്യ സംസ്കരണത്തിലെ ഗുരുതരമായ വീഴ്ചയ്ക്ക് പിഴ അടയ്ക്കാൻ ജില്ലയിലെ നഗരസഭകൾക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ  നോട്ടിസ്. പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം നഗരസഭകൾ 10 ലക്ഷം രൂപ വീതമാണ്  അടയ്ക്കേണ്ടത്. മാലിന്യം സംസ്കരണം സംബന്ധിച്ച്  ഗ്രീൻ ട്രൈബ്യൂണൽ  സംസ്ഥാനത്തെ എല്ലാ നഗരസഭകൾക്കും മാർഗനിർദേശം നൽകിയിരുന്നു.

ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം, വീടുകളിൽ നിന്നു തരംതിരിച്ച്  മാലിന്യം ശേഖരിക്കണം, പ്ലാസ്റ്റിക്  ശേഖരിക്കുന്നതിന് എല്ലാ പ്രധാന കേന്ദ്രങ്ങളിലും  സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം, മാലിന്യ സംസ്കരണത്തിനായി റിങ് കംപോസ്റ്റ്  സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഗ്രീൻ ട്രൈബ്യൂണൽ നൽകിയത്. 2020 ഏപ്രിൽ മുതലാണു  നിരീക്ഷണം ശക്തമാക്കിയത്. 

പത്തനംതിട്ട നഗരസഭയിൽ 2020 ഏപ്രിൽ ഒന്ന് മുതൽ നവംബർ 30 വരെയുളള കാലത്തെ  പരിശോധനയാണു നടത്തിയത്. ഉറവിട മാലിന്യ സംസ്കരണത്തിനായി  പത്തനംതിട്ട നഗരസഭ റിങ് കംപോസ്റ്റ് പദ്ധതി ആരംഭിക്കുന്നുണ്ട്. റിങ് നിർമാണം ശബരിമല ഇടത്താവളത്തിൽ ആരംഭിച്ചു.

പന്തളത്തു നഗരമധ്യത്തിൽ സർക്കാർ ഓഫിസുകൾക്കും ചന്തയ്ക്കും സമീപത്തെ മാലിന്യ സംസ്കരണ പ്ലാന്റ് തകരാറിലാണ്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ മുട്ടാർ നീർച്ചാലിന്റെ കരയിൽ കൂട്ടിയിടുകയാണ്. 1.5 ടൺ ജൈവമാലിന്യമാണ് പ്രതിദിനം ശേഖരിക്കപ്പെടുന്നത്.

മാസങ്ങളായി ഇത്തരത്തിൽ തള്ളിയ മാലിന്യം ഇവിടെ കുന്നുകൂടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് ശേഖരണത്തിനും സംസ്കരണത്തിനുമായി സ്ഥാപിച്ച ഷെഡിനു ചുറ്റും മാലിന്യമാണ്. ഒന്നര ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്. നീർച്ചാലിൽ തള്ളുന്നവയിൽ കോഴി, മത്സ്യം എന്നിവയുടെ അടക്കം മാലിന്യമുണ്ട്.