കോഴിക്കോട്:
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിരവട്ടത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി കൊല്ലപ്പെടുകയും അന്തേവാസികൾ ചാടിപ്പോകുന്നത് പതിവാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. മാനസികാരോഗ്യകേന്ദ്രത്തിലെ വനിതാ സെൽ സന്ദർശിച്ച കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
വളരെ മോശമായ ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. രോഗവിമുക്തി നേടിയവരെ തിരികെക്കൊണ്ടുപോകാൻ ബന്ധുക്കൾ തയാറാകുന്നില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ സർക്കാർ സാവകാശം ആവശ്യപ്പെട്ടേക്കും. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. കുതിരവട്ടത്ത് നിരന്തരം സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷക്കായി എട്ടുപേരെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.